തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിൽ ഹൈടെക്കായി. ആധുനികവത്കരിച്ച അമ്മത്തൊട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇവിടെ എത്തുന്ന കുഞ്ഞുങ്ങൾക്ക് എല്ലാവിധ  സുരക്ഷയും ഉറപ്പു വരുത്താനാണ് അമ്മത്തൊട്ടിൽ ഹൈടെക്കാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

ഏറെ സവിശേഷതകളോടെയാണ് പുതിയ അമ്മത്തൊട്ടിൽ ഒരുങ്ങിയിരിക്കുന്നത്. കൈയ്യിൽ കുഞ്ഞുണ്ടെന്ന്  ബോധ്യപ്പെട്ടാൽ മാത്രമേ  അമ്മത്തൊട്ടിലിലെ സെൻസർ ഘടിപ്പിച്ച  ആദ്യ വാതിൽ തുറക്കൂ. തുടർന്ന് കുഞ്ഞിനെ ഉപേക്ഷിക്കരുതെന്ന സന്ദേശം കേൾപ്പിക്കും. എന്നിട്ടും പിന്മാറിയില്ലെങ്കിൽ മാത്രമേ രണ്ടാമത്തെ വാതിൽ തുറക്കുകയുള്ളു. കുഞ്ഞിനെ തൊട്ടിലിൽ കിടത്താം. പിന്നീട് വാതിൽ അടയും. അകത്തെ വാതിലിലൂടെ അധികൃതർക്ക് മാത്രമേ കുഞ്ഞിനെ  എടുക്കാനാകൂ. കുഞ്ഞിന്‍റെ തൂക്കവും ചിത്രവും ഇതിനകം തന്നെ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള അധികൃതർക്ക് ഫോണിലൂടെ ലഭിക്കും. 

2002ലാണ് തിരുവനന്തപുരം തൈക്കാട് ശിശുക്ഷേമ സമിതിയിൽ അമ്മത്തൊട്ടിൽ സ്ഥാപിച്ചത് .ഡിസംബർ 27 ന് വന്ന ഇരട്ടക്കുട്ടികൾ ഉൾപ്പെടെ 128 പേർ ഇതുവരെ അമ്മത്തൊട്ടിലിൽ ഉള്ളത്.