കണ്ണൂർ: കണ്ണൂരിലെ സിഎംപി ജില്ലാ കമ്മിറ്റി ഓഫീസായിരുന്ന ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക മന്ദിരത്തിൽ പി ജയരാജൻ ചെയര്‍മാനായ ഐആർപിസി സാന്ത്വന പരിചരണ കേന്ദ്രം പ്രവർത്തനം തുടങ്ങി. ഉടമസ്ഥാവകാശത്തെ ചൊല്ലി കേസ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചത്.

2014ൽ സിഎംപി അരവിന്ദാക്ഷൻ വിഭാഗം സിപിഎമ്മിന്റെ സഹായത്തോടെ ഔദ്യോഗിക വിഭാഗത്തിൽ നിന്ന് പിടിച്ചെടുത്ത ഓഫീസാണിത്. 2019 ൽ അരവിന്ദാക്ഷൻ വിഭാഗം സിപിഎമ്മിൽ ലയിച്ചു. ഇതോടെ ഓഫീസിന്റെ പൂർണ നിയന്ത്രണം സിപിഎമ്മിന്റെ കയ്യിലായി. 

എന്നാൽ ഓഫീസിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സിഎംപി ഔദ്യോഗിക വിഭാഗം നൽകിയ കേസ് കണ്ണൂർ മുൻസിഫ് കോടതിയുടെ പരിഗണനയിലാണ്. തർക്കത്തിലിരിക്കുന്ന ഓഫീസ് ഇപ്പോൾ ഐആർപിസി കേന്ദ്രമാക്കിയ പി ജയരാജന്റെ നടപടി പച്ചയായ കടന്നുകയറ്റമാണെന്ന് സിഎ പി ജില്ലാ സെക്രട്ടറി ആരോപിച്ചു.

സിപിഎം നേതൃത്വത്തിന്റെ പോലും അറിവോടെയല്ല മുൻ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ പ്രവർത്തനമെന്നും സിഎംപി ആരോപിക്കുന്നു. എം വി രാഘവൻ ട്രസ്റ്റണ് ഐആർപിസിക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയതെന്നാണ് പി.ജയരാജൻ പറയുന്നത്. എന്നാൽ സിഎംപി ജില്ലാ സെക്രട്ടറിക്ക് മാത്രമാണ് ഓഫീസിന്റെ അവകാശമെന്നും മറ്റൊരു ട്രസ്റ്റിനും ' അനുമതിയില്ലെന്നു മാണ് സിഎംപിയുടെ വാദം.