ആലപ്പുഴ: ഇനി തേങ്ങയിടാന്‍ ആളെക്കിട്ടുന്നില്ലെന്ന് വിഷമിക്കേണ്ട. ആലപ്പുഴയിലെ കഞ്ഞിക്കുഴിയിലെ സര്‍വ്വീസ് സഹകരണ ബാങ്ക് അതിനും റെഡിയാണ്. തേങ്ങയിടാനും തെങ്ങിന്റെ രോഗങ്ങള്‍ക്ക് പരിഹാരം കാണാനും തൊഴിലാളികള്‍ ബാങ്കില്‍നിന്ന് വീട്ടിലെത്തും. ബാങ്കാണ് തെങ്ങുകൃഷി സേവനകേന്ദ്രം പദ്ധതി ആരംഭിച്ചിരിക്കുകയാണ് ബാങ്ക്. 

നാളികേര സംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സഹകരണവകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് പുതിയ പദ്ധതി ഏറ്റെടുത്തത്. പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി ബാങ്ക് അധികൃതര്‍ ചെത്തിക്കാട് ക്ഷേത്രമൈതാനത്ത് തെങ്ങിന്‍തൈ നട്ടു.

സഹകരണവകുപ്പ് ആലപ്പുഴ ജോയിന്റ് രജിസ്ട്രാര്‍ പി പ്രവീണ്‍ദാസ് തൈ നട്ടു. പൊതുസ്ഥലങ്ങളിലും ആരാധനാലയങ്ങളിലും മൂന്നാം വര്‍ഷം കായ്ഫലം നല്‍കുന്ന തെങ്ങിന്‍തൈകള്‍ നട്ടുവളര്‍ത്തുമെന്ന് ബാങ്ക് പ്രസിഡന്റ് എം സന്തോഷ്‌കുമാര്‍ പറഞ്ഞു. നല്ല ഇനം തെങ്ങിന്‍തൈകളും ബാങ്കില്‍നിന്ന് ലഭിക്കും.