പരിശോധന നടത്തിയെങ്കിലും സ്റ്റോർ മുറിയിലെ പുറം ഭാഗത്ത് പാമ്പിൻ്റെ സന്നിധ്യം കണ്ടെത്താനായില്ല. പിന്നിട്ട് സ്റ്റോർ മുറിയിലെ അരകല്ല് തറയിലെ പൊത്തിൽ പാമ്പിൻ്റെ പടം കാണുകയായിരുന്നു
മാഞ്ഞൂർ: സ്റ്റോർ മുറിയിൽ നിന്ന് തേങ്ങ പൊതിക്കാൻ എടുക്കാൻ കയറിയ യുവതിക്ക് മുന്നിൽ അപ്രതീക്ഷിത അതിഥി. പത്തി വീശി നിന്ന മൂർഖൻ ആളനക്കം കണ്ടതോടെ അരകല്ലിന് അടിയിലേക്ക് കയറി. മാഞ്ഞൂരിൽ അപ്രതീക്ഷിത അതിഥിയെ പുറത്തെടുത്തത് രണ്ടര മണിക്കൂർ നീണ്ട പ്രയത്നത്തിന് ശേഷം. മാഞ്ഞൂർ സൗത്ത് മകുടാലയം പള്ളിയുടെ സമീപമുള്ള മാക്കീൽ വീട്ടിലെ സ്റ്റോറൂമിലെ അരകല്ല് തറ പൊളിച്ചാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്. മാക്കിൽ ഷിജു സൈമണിന്റെ വീടിൻ്റെ സ്റ്റോറൂമിൽ തേങ്ങ എടുക്കാൻ കയറിയ വീട്ടുജോലിക്കാരി തലയുയർത്തി നിൽക്കുന്ന മൂർഖൻ പാമ്പിനെ കണ്ട് ഭയന്ന് നിലവിളിച്ച് ഓടുകയായിരുന്നു. പിന്നാലെ സർപ്പ സ്നേക് റെസ്ക്യൂവർ ജോമോൻ ശാരിക കുറുപ്പന്തറയെ വീട്ടുകാർ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സ്റ്റോർ മുറിയിലെ പുറം ഭാഗത്ത് പാമ്പിൻ്റെ സന്നിധ്യം കണ്ടെത്താനായില്ല. പിന്നിട്ട് സ്റ്റോർ മുറിയിലെ അരകല്ല് തറയിലെ പൊത്തിൽ പാമ്പിൻ്റെ പടം കാണുകയായിരുന്നു.
ഇതിനെ തുടർന്ന് രണ്ടു പേർ ചേർന്ന് ഏകദേശം രണ്ടര മണിക്കൂർ പരിശ്രമിച്ചാണ് അരകല്ല് തറ പെളിച്ചു മാറ്റിയത്. കല്ലുകളും കഷണങ്ങളും നിറച്ച തറ പൂർണ്ണമായും പൊള്ളിച്ചു മാറ്റുക ശ്രമകരമായ ജോലിയായിരുന്നു. ഇതിനൊടുവിൽ പടം പൊഴിച്ച നിലയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തുകയും ജോമോൻ ശാരിക റെസ്ക്യൂ ചെയ്യുകയുമായിരുന്നു. പടം പൊഴിച്ച പാമ്പിൻ്റെ സാന്നിധ്യം ഒരു മാസം വരെ പടം കാണുന്നതിന് സമീപ പ്രദേശങ്ങളിൽ കണ്ടുവരാറുണ്ടെന്നാണ് ജോമോൻ ശാരിക വിശദമാക്കുന്നത്.
പിടികൂടിയ മൂർഖനെ വനം വകുപ്പിന് കൈമാറി. അഞ്ച് അടിയോളം നീളമുള്ള മൂർഖനാണ് പിടിയിലായത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് മകുടാലയം പള്ളിയുടെ പിൻവശത്തുള്ള പാട ശേഖരത്തിന് സമീപമുള്ള കയ്യാലയിൽ നിന്നും ജോമോൻ ശാരിക അടയിരുന്ന 3 വലിയ പെരുംപാമ്പുകളെയും 96 ഓളം മുട്ടകളും റെസ്ക്യു ചെയ്തിരുന്നു.


