കൊച്ചി കോർപ്പറേഷനിലെ 62 ആം ഡിവിഷനിൽ തീപ്പാറുന്ന പോരാട്ടമാണ് നടക്കുന്നത്. കൈ വിട്ട ഡിവിഷൻ പിടിച്ചെടുക്കാൻ കോൺഗ്രസ്സ്. പൊരുതി നേടിയ വിജയം ആവർത്തിക്കാൻ ബിജെപി. കോർപ്പറേഷനിലെ വികസനത്തിന് ഭരണസ്ഥിരത ഉറപ്പാക്കാൻ എൽഡിഎഫ്.

കൊച്ചി: സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണയിൽ ഭരണം തുടരുന്ന കൊച്ചി കോർപ്പറേഷനിൽ അടുത്ത മാസം നടക്കുന്ന ഉപതെരഞ്ഞെടുപ്പ് എൽഡിഎഫിന് നിർണ്ണായകമാണ്. ബിജെപിയുടെ സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്താൽ നിലവിലെ എൽഡിഎഫിന്‍റെ ഭൂരിപക്ഷം നാല് സീറ്റായി കുറയും.അടുത്ത മാസം ഹൈക്കോടതിയിൽ നിന്ന് ഉത്തരവ് പ്രതീക്ഷിക്കുന്ന ഐലൻഡ് നോർത്ത് ഡിവിഷനിലെ തെരഞ്ഞെടുപ്പ് കേസും യുഡിഎഫിന് അനുകൂലമായാൽ എൽഡിഎഫിന് തലവേദനയാകും.

കൊച്ചി കോർപ്പറേഷനിലെ 62 ആം ഡിവിഷനിൽ തീപ്പാറുന്ന പോരാട്ടമാണ് നടക്കുന്നത്. കൈ വിട്ട ഡിവിഷൻ പിടിച്ചെടുക്കാൻ കോൺഗ്രസ്സ്. പൊരുതി നേടിയ വിജയം ആവർത്തിക്കാൻ ബിജെപി. കോർപ്പറേഷനിലെ വികസനത്തിന് ഭരണസ്ഥിരത ഉറപ്പാക്കാൻ എൽഡിഎഫ്.

മുന്നണികളുടെ ആത്മവിശ്വാസമാണ് സ്ഥാനാർത്ഥികളുടെ വാക്കുകളിലും പ്രതിഫലിക്കുന്നത്. കോർപ്പറേഷനിലെ നിലവിലെ കക്ഷിനിലയാണ് എല്ലാവരുടെയും ചങ്ക് ഇടിപ്പിക്കുന്നത്. മൊത്തം 74 ഡിവിഷനുകൾ. തെരഞ്ഞെടുപ്പിൽ 34 ഇടത്ത് ജയിച്ച എൽഡിഎഫ്, യുഡിഎഫ് വിമതരുടെ കൂടി പിന്തുണയിലാണ് 37 സീറ്റ് ഉറപ്പാക്കി ഭരണം തുടരുന്നത്. പ്രതിപക്ഷമായ യുഡിഎഫിന് 32. ബിജെപിക്ക് അഞ്ച് സീറ്റും. ബിജെപിയിൽ നിന്ന് 62ആം ഡിവിഷൻ കോൺഗ്രസ് തിരിച്ച് പിടിച്ചാൽ എൽഡിഎഫിന്റെ ഭൂരിപക്ഷം ഒരു സീറ്റ് കൂടി കുറയും. ഇതിനിടെ ഐലൻഡ് നോർത്ത് ഡിവിഷനിലെ തെരഞ്ഞെടുപ്പ് കേസിൽ മെയ് 18ന് ശേഷം ഹൈക്കോടതിയിൽ നിന്ന് ഉത്തരവുണ്ടാകും. ഡിവിഷനിൽ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർത്ഥി ജയിച്ചതിനെതിരെയാണ് യുഡിഎഫിന്‍റെ മേയർ സ്ഥാനാർത്ഥിയായിരുന്ന എൻ വേണുഗോപാൽ ഹൈക്കോടതിയെ സമീപിച്ചത്. രജിസ്റ്ററിലെയും വോട്ടിംഗ് മെഷീനിലെയും വോട്ട് തുല്യമാക്കാൻ നിയമവിരുദ്ധമായി പ്രിസൈഡിംഗ് ഓഫീസർ ചെയ്ത വോട്ടാണ് തന്‍റെ തോൽവിക്ക് കാരണമെന്നാണ് വേണുഗോപാലിന്‍റെ വാദം. 

വേണുഗോപാലിന്‍റെ റീപോളിംഗ് ആവശ്യം കോടതി അംഗീകരിച്ചാൽ അവിടെയും ഉപതെരഞ്ഞെടുപ്പ് വേണ്ടി വരും. ഈ സീറ്റ് കൂടി യുഡിഎഫ് സീറ്റ് പിടിച്ചെടുത്താൽ കക്ഷിനില ബലാബലം. അങ്ങനെയെങ്കിൽ സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണ കൂടുതൽ നിർണ്ണായകമാകും. മെയ് 17ന് നടക്കുന്ന ഉപതെര‍ഞ്ഞെടുപ്പ് യുഡിഎഫിനും എൽഡിഎഫിനും ചെറിയ കളി അല്ലെന്ന് ചുരുക്കം.