തെങ്ങുകയറ്റ യന്ത്രത്തിൽ കാൽ കുടുങ്ങി തലകീഴായി കിടന്നത് 30 അടി ഉയരത്തിൽ; സാഹസികമായി രക്ഷിച്ച് അഗ്നിശമനസേന
വയനാട്ടിലെ നെന്മേനി സ്വദേശി ഇബ്രാഹിമിന്‍റെ കാലാണ് യന്ത്രത്തിൽ കുടുങ്ങിയത്
സുൽത്താൻ ബത്തേരി: യന്ത്രമുപയോഗിച്ച് തെങ്ങിൽ കയറുന്നതിനിടെ മുകളിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി. വയനാട്ടിലെ നെന്മേനി സ്വദേശി ഇബ്രാഹിമിന്‍റെ കാലാണ് യന്ത്രത്തിൽ കുടുങ്ങിയത്. സുൽത്താൻബത്തേരി അഗ്നിരക്ഷാസേന അതിസാഹസികമായി ഇബ്രാഹിമിനെ രക്ഷിച്ചു.
തെങ്ങിൽ കയറി ഏകദേശം 30 അടി ഉയരത്തിൽ എത്തിയപ്പോൾ യന്ത്രത്തിൽ കാൽ കുടുങ്ങി തല കീഴായി കിടക്കുകയായിരുന്നു ഇബ്രാഹിം. ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങളായ ഗോപിനാഥ്, സതീഷ് എന്നിവർ ലാഡർ ഉപയോഗിച്ച് മുകളിൽ കയറി. നാട്ടുകാരനായ സുധീഷിന്‍റെ സഹായത്തോടെ ഇബ്രാഹിമിനെ റോപ്പ് ഉപയോഗിച്ച് താഴെയിറക്കി. ഉടനെ ആശുപത്രിയിൽ എത്തിച്ചു.
സുൽത്താൻ ബത്തേരി നിലയത്തിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ വി ഹമീദിന്റെ നേതൃത്വത്തിലാണ് എത്തിയത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം വി ഷാജി, ബിനോയ് പി വി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നിബിൽദാസ്, സതീഷ്, ഗോപിനാഥൻ, ഹോം ഗാർഡ് പി സി ചാണ്ടി, ട്രെയിനികളായ ജയ്ഷൽ, സൈനുൽ ആബിദ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം