പകര്‍ച്ചവ്യാധിക്കെതിരെയുള്ള യുദ്ധമാണ് നാം നടത്തേണ്ടത്. പ്രതിദിനം പ്രതിരോധം നാം ഉറപ്പാക്കണം. ജീവിത ശൈലീ രോഗങ്ങളും നമ്മെ അലട്ടുകയാണെന്നും മന്ത്രി പറഞ്ഞു. 

കോഴിക്കോട്: പകര്‍ച്ചവ്യാധികള്‍ തടയാന്‍ കൂട്ടായ ശ്രമം അനിവാര്യമാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. പകര്‍ച്ചവ്യാധികള്‍ മുന്‍ കാലങ്ങളിലുണ്ടായിട്ടുണ്ടെങ്കിലും ഇപ്പോള്‍ കേരളത്തില്‍ മാത്രമല്ല ലോകത്തിന് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണെന്നും മന്ത്രി പറ‍ഞ്ഞു. അരൂരില്‍ പ്രവര്‍ത്തിക്കുന്ന പുറമേരി പഞ്ചായത്ത് പിഎച്ച് സെന്റര്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയതിന്റെ പ്രഖ്യാപനം നടത്തി പ്രസംഗിക്കുകയായിരുന്നു മന്ത്രി.

രോഗം വരുമ്പോള്‍ തന്നെ മനസിലാക്കിയാല്‍ നമുക്ക് പ്രതിരോധിക്കാനാകും. രോഗം മരിക്കാന്‍ കാരണമാകരുത്. ആരോഗ്യക്കുറവുള്ളവരാണ് പെട്ടെന്ന് മരിക്കുന്നത്. പകര്‍ച്ചവ്യാധിക്കെതിരെയുള്ള യുദ്ധമാണ് നാം നടത്തേണ്ടത്. പ്രതിദിനം പ്രതിരോധം നാം ഉറപ്പാക്കണം. ജീവിത ശൈലീ രോഗങ്ങളും നമ്മെ അലട്ടുകയാണ്. ഭക്ഷണം ക്രമീകരിച്ച് രക്തസമ്മര്‍ദ്ദവും പ്രമേഹവും പരിശോധിച്ച് മരുന്ന് നല്‍കുന്ന പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പദ്ധതി പണം കൃത്യമായി കിട്ടാത്തത് പ്രയാസമുണ്ടാക്കുന്നതായും മന്ത്രി പറഞ്ഞു.

പാറക്കല്‍ അബ്ദുല്ല എംഎല്‍എ അധ്യക്ഷത വഹിച്ചു. ലബോറട്ടറി തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡിപിഎം ഡോ. നവീന്‍ പ്രൊജക്ട് വിശദീകരിച്ചു. ഡിഎംഒ വി ജയശ്രീ ജില്ലാ പഞ്ചായത്തംഗം ടികെ രാജൻ, പ്രസിഡന്റ കെ അച്യുതൻ‍, ഡോ. പ്രദോഷ്‌കുമാര്‍ തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു. കലാ പരിപാടികളും അരങ്ങേറി.