Asianet News MalayalamAsianet News Malayalam

അവരെടുത്ത ലോണിന്‍റെ തിരിച്ചടവിനെകുറിച്ചും നമ്മളോർക്കേണ്ടേ?

പ്രായത്തിനേക്കാൾ പക്വതയോടെ പ്രളയത്തെ നേരിട്ട കളക്ടർ അനുപമ, അനുഭവങ്ങളുടെ നാൾവഴികളിൽ നിന്ന് കാരുണ്യത്തിന്‍റെ കരുതൽ ഓർമ്മപ്പെടുത്തുകയാണ്

collector anupama about flood relief
Author
Thrissur, First Published Sep 20, 2018, 9:52 AM IST

തൃശൂർ: "വീട് ഇല്ലാതായ പോലെ, കച്ചവട സ്ഥാപനങ്ങളും കുത്തിയൊലിച്ചുപോയവരുണ്ട്; കടയിലെ സാധനങ്ങൾ നഷ്ടപ്പെട്ടതിനൊപ്പം അവരെടുത്ത ലോണിന്‍റെ തിരിച്ചടവിനെകുറിച്ചും നമ്മളോർക്കേണ്ടേ?"- പ്രായത്തിനേക്കാൾ പക്വതയോടെ പ്രളയത്തെ നേരിട്ട കളക്ടർ അനുപമ, അനുഭവങ്ങളുടെ നാൾവഴികളിൽ നിന്ന് കാരുണ്യത്തിന്‍റെ കരുതൽ ഓർമ്മപ്പെടുത്തുകയാണ്. ദുരന്തങ്ങളെ തനിച്ചായും കൂട്ടായും നേരിടാനാകും. ഒത്തൊരുമയോടെ എല്ലാവരും ചേർന്ന് മഹാദുരന്തത്തെ നേരിട്ട അനുഭവമാണ് കഴിഞ്ഞ ഒരുമാസക്കാലത്തേത്. പ്രളയത്തെ നേരിട്ടതിലെ വേറിട്ട അനുഭവങ്ങൾക്കൊന്നും ഇനി പ്രസക്തിയില്ല. ബുധനാഴ്ച തൃശൂര്‍ പ്രസ്ക്ലബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ കളക്ടര്‍ വ്യക്തമാക്കി. 

പ്രളയാനന്തരം നാടിനെ എങ്ങിനെ പുനഃരുദ്ധരിക്കാമെന്നതിലാണ് ശ്രദ്ധ. നാശം സംഭവിച്ചതിനെ അതേപടിയിൽ പുനർനിർമ്മിക്കാനാവും. കുറേക്കൂടി ചിന്തിച്ച് സുരക്ഷിതവും ദീർഘവീക്ഷണാടിസ്ഥാനത്തിലും പുനർനിർമ്മാണം നടത്താനും സാധിക്കും. ഏത് രീതി വേണമെന്നതാണ് നിശ്ചയിക്കപ്പെടേണ്ടത്. 

വീടില്ലാതെ പോയവർ വീടിനായുള്ള ഓട്ടത്തിലാണ്. ശരാശരി ഒരു വീടുണ്ടാക്കാൻ ഒരു വർഷമെങ്കിലും വേണമെന്നാണ്. പക്ഷെ, ഇപ്പോഴത്തെ അവസ്ഥയിൽ പ്രളയം കവർന്നെടുത്തവർക്കുള്ള വീട് വേഗത്തിൽ നിർമ്മിച്ചുനൽകേണ്ടിവരും. മാറി താമസിക്കാൻ ഇടമില്ലാതെയും വാടക വീടു കിട്ടാതെയും ഒരുപാടുപേർ തൃശൂർ ജില്ലയിലുണ്ട്. ചാലക്കുടിയിൽ ഇപ്പോഴും തുടരുന്ന 10 ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർ ഈ അവസ്ഥയിലുള്ളവരാണ്.

സർക്കാരിന്‍റെ ലൈഫ് മിഷനിൽ ഉള്ളതിനേക്കാൾ എത്രയോ ഇരട്ടിയാണ് പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവരുടെ എണ്ണം. തൃശൂരിൽ മാത്രം 26,700 അപേക്ഷകൾ പുതിയ വീടിനായി ലഭിച്ചിരുന്നു. രണ്ടും മൂന്നും തലത്തിൽ പരിശോധിച്ച് ഗ്രേഡ് തിരിച്ചിട്ടും 21,000 പേർ പട്ടികയിലുണ്ട്. പൂർണ്ണമായും വീട് പോയവർക്കാണ് മുൻഗണന. ഇപ്പോഴും പരിശോധനകൾ തുടരുന്നുണ്ട്. 24, 25, 26 തിയതികളിൽ സെസ് ടീമിന്‍റെ പരിശോധനയുണ്ട്. 

പ്രളയത്തിൽ കുതിർന്നു നിന്ന വീടുകൾ പലതും ഇപ്പോഴും വീഴുന്നു. വിണ്ടു നിൽക്കുന്നവയും ഏറെ. എന്നാൽ, പ്രളയത്തിനും മുമ്പേ കാലപ്പഴക്കത്താൽ കേടുപാടു സംഭവിച്ചിരുന്ന വീടുകളും നിലം പൊത്തിയതായി വിദഗ്ധ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഇവർക്കും സർക്കാർ സഹായം നഷ്ടപ്പെടുത്തുന്നില്ല. ദുരിതം നേരിടേണ്ടിവന്ന സകലർക്കും സഹായമെത്തിക്കുകയാണ് ലക്ഷ്യം. എന്നുവച്ച് അനർഹർക്ക് ആനുകൂല്യങ്ങൾ കിട്ടുന്നുണ്ടോ എന്ന് പരിശോധിക്കാതിരിക്കില്ല. 

വെള്ളം കയറാത്ത വീടുകളിലുള്ളവർ ആനുകൂല്യം കൈപ്പറ്റിയെന്ന പരാതികൾ കിട്ടിയിരുന്നു. വെള്ളം ഉയർന്ന ചില പ്രദേശങ്ങളിൽ നേരിട്ടെത്തി സ്ഥിതിവിവര കണക്കെടുക്കാൻ ഉദ്യോഗസ്ഥർക്ക് ഒരുഘട്ടത്തിൽ സാധിച്ചിരുന്നില്ല. അവിടത്തെ താമസക്കാരുടെ വിവരം ശേഖരിച്ചാണ് ആദ്യഘട്ടത്തിൽ റിപ്പോർട്ടുണ്ടാക്കിയത്. എന്നാൽ പിന്നീടാണ് ആനുകൂല്യങ്ങൾ കൈപ്പറ്റിയവരിൽ ചിലർക്ക് പ്രളയം നേരിടേണ്ടിവന്നില്ലെന്ന ആക്ഷേപം ഉണ്ടായത്. 

ആദ്യഘട്ടത്തിൽ ഭക്ഷണം, വസ്ത്രം എന്നിവയ്ക്കായി തൃശൂരിൽ അനുവദിച്ച 3,800 രൂപ അഞ്ഞൂറോളം പേരിൽ നിന്ന് അന്വേഷണ വിധേയമായി തിരിച്ചുപിടിച്ചു. കൃത്യമായ പരിശോധന പൂർത്തിയാക്കി 1.6 ലക്ഷം പേർക്ക് 10,000 രൂപ വീതം രണ്ട് ഘട്ടങ്ങളിലായി വിതരണം ചെയ്തു കഴിഞ്ഞു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ 100 ശതമാനം പൂർത്തിയായെന്ന് പറയാനാവില്ല. ഇനിയും ദുരിതാശ്വാസ കിറ്റുകൾ കിട്ടാനുണ്ടാവാം. പുറമ്പോക്കുകളിലും പട്ടയ ഭൂമികളിലും താമസിച്ചിരുന്നവരുടെ പ്രശ്നങ്ങൾ പ്രത്യേകം നോക്കുന്നുണ്ട്. പുറമ്പോക്കുകളിലുണ്ടായിരുന്നവർക്ക് വീട് അതേയിടത്ത് നൽകുക അസാധ്യമാണ്. പകരം ഭൂമി നിശ്ചയിച്ച് വീട് നിർമ്മിക്കേണ്ടിവരും. പട്ടയക്കാരുടെ പ്രശ്നങ്ങളും പരിഹരിക്കപ്പെടും.

ഇത്തരം വിഷയങ്ങളിൽ സർക്കാരിന് കൃത്യമായ ധാരണയുണ്ട്. ആക്ഷേപങ്ങളില്ലാതെ അനർഹരിലേക്ക് ഇത്തരം ആനുകൂല്യങ്ങളും സഹായങ്ങളുമെത്താൻ തഹസിൽദാർമാരുടെ മേൽനോട്ടത്തിൽ നടക്കുന്ന പരിശോധനകൾക്ക് പുറമെ, ജില്ലയിലെ കോളേജ് വിദ്യാർത്ഥികളുടെ സഹകരണത്തോടെ അടുത്ത ദിവസം മുതൽ പ്രത്യേകം സർവെ നടത്തുന്നുണ്ട്. ഇതിൽ വീടിന്‍റെ അവസ്ഥയടക്കം റിപ്പോർട്ടാക്കും. സുതാര്യമായി ഈ മിഷൻ പൂർത്തീകരിക്കാനാണ് ആഗ്രഹം.

ഉരുൾപൊട്ടൽ, മണ്ണിടിച്ചൽ എന്നിവയിൽ വീട് തകർന്നിടങ്ങളിൽ വീണ്ടും വീട് വയ്ക്കാൻ അപേക്ഷകൾ വന്നിട്ടുണ്ട്. വിദഗ്ധപരിശോധനയ്ക്ക് ശേഷമേ ഇവരുടെ അപേക്ഷയിൽ തീർപ്പുണ്ടാക്കൂ. ഉരുൾപൊട്ടലുണ്ടായ 15 കേന്ദ്രങ്ങളിൽ കെഎഫ്ആർഐയും ജിയോളജി വകുപ്പും നടത്തിയ പരിശോധന പൂർത്തിയായിട്ടുണ്ട്. 25 കേന്ദ്രങ്ങൾ കൂടി ഈ സംഘം പരിശോധിക്കും. ഇതിനുപുറമെയാണ് സെസ് ടീം 24 മുതൽ പരിശോധന നടത്തുന്നത്. കുന്നിൻ ചെരുവുകളിൽ തകർന്ന വീടുകളിലെ വേസ്റ്റും മറ്റും നീക്കാൻ ആറെണ്ണത്തിന് മാത്രമെ അനുമതി നൽകിയിട്ടുള്ളൂ. 11 അപേക്ഷകളാണ് ഈ ഇനത്തിൽ വന്നത്. മറ്റിടങ്ങളിലെ പ്രളയ മാലിന്യം നീക്കാൻ സ്ക്രാപ്പ് ഡീലേഴ്സ് അസോസിയേഷന്‍റെ സഹകരണം ശ്രദ്ധേയമാണ്.

" തർക്കത്തിന്‍റെ സമയമല്ലിത് "

കളക്ടറേറ്റ് പൊതുസ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാനുള്ളതാണ്. ഒരുപാട് ഓഫീസുകൾ പുറമെ വാടക കെട്ടിടങ്ങളിലുണ്ട്. കോടതി സമുച്ചയം പ്രവർത്തനം തുടങ്ങിയപ്പോൾ ബാർ അസോസിയേഷനും അഡ്വക്കേറ്റ്സ്, ക്ലാർക്ക് അസോസിയേഷനും അവിടെ വാടക ഇല്ലാതെ ഓഫീസ് മുറികൾ അനുവദിച്ചിട്ടുണ്ട്. ഇതിൽ ബാർ അസോസിയേഷനുള്ള മുറിയുടെ സജീകരണം പൂർത്തിയായിട്ടില്ലെന്നും ക്ലാർക്കുമാരുടേത് പൂർണ്ണമായെന്നുമാണ് പൊതുമരാമത്ത് വകുപ്പിന്‍റെ റിപ്പോർട്ട്. 

ഈ സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങൾ സൂക്ഷിക്കാൻ തുറന്ന കളക്ടറേറ്റിലെ ബാർ അസോസിയേഷൻ ഹാൾ അവർക്ക് തിരികെ കൊടുത്തു. ക്ലാർക്ക് അസോസിയേഷൻ ഹാൾ തുറന്ന് സാധനങ്ങൾ സൂക്ഷിക്കുകയും ചെയ്തു. ഇതിനെതിരെ പരാതിയും സമരവുമൊക്കെയുണ്ട്. നാല് മാസം മുമ്പ് പുതിയ കോടതി സമുച്ചയത്തിൽ ഇവർക്ക് മുറി അനുവദിച്ച സന്ദർഭത്തിൽ തന്നെ പുറമെ വാടകയ്ക്ക് കഴിയുന്ന ഒരു സർക്കാർ ഓഫീസിന് ഇത് കൈമാറാനും ധാരണയായതാണ്. 

എന്നാൽ, പലവിധ ആരോപണങ്ങളും മുദ്രാവാക്യങ്ങളും മുഴക്കി സമരം ചെയ്യുന്നത് കാര്യമാക്കുന്നില്ല. പ്രളയക്കെടുതിയിൽ അലയുന്ന നാടിനുവേണ്ടി പൊരുതുമ്പോൾ ക്ലാർക്ക് അസോസിയേഷന്‍റെ സമരം നിസാരമാണ്. അവർ ഉയർത്തിയ വ്യക്തിപരമായ ആരോപണങ്ങളെ പോലും ഗൗനിക്കേണ്ടെന്നാണ് ചിന്തയിലുള്ളത്. അതിലും വലിയ പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ സ്വകാര്യ കേസിനും തയ്യാറല്ല. എന്നാൽ കുടുംബത്തെ ഒന്നടങ്കം തേജോവധം ചെയ്യാനാണ് ഭാവമെങ്കിൽ നിയമപരമായി തന്നെ നേരിടാനും ഭയമില്ല - സർവ്വരുടെയും കയ്യടി നേടിക്കൊണ്ടിരിക്കുന്ന തൃശൂർ കളക്ടർക്കുള്ളിലെ തീഷ്ണതയും സംസാരത്തിനൊടുവിൽ പുറത്തുവന്നു.

Follow Us:
Download App:
  • android
  • ios