കല്‍പ്പറ്റ: ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള ജനസഞ്ചാരത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ വയനാട്ടില്‍ പൊലീസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നത് കാട്ടുപാതകളാണ്. രാത്രിയും പകലും വ്യത്യാസമില്ലാതെ നിരവധി പേര്‍ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലേക്ക് എത്തുന്നുണ്ടെന്നാണ് അധികൃതര്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. 

റോഡുകളല്ലെങ്കിലും വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകാന്‍ കഴിയുന്ന ധാരാളം വഴികള്‍ ബന്ദിപ്പൂര്‍, മുത്തങ്ങ തുടങ്ങിയ വനങ്ങളിലുണ്ട്. വനംവകുപ്പിന് പട്രോളിങ് നടത്താനും മറ്റു പരിശോധനകള്‍ക്കുമായി ഒരുക്കിയതാണ് ഇത്തരം സഞ്ചാരപാതകള്‍. എന്നാല്‍ ലോക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെയുള്ള നടപടി ശക്തമാക്കിയതോടെ കര്‍ണാടകയിലും തമിഴ്‌നാട്ടിലും കുടുങ്ങിയ മലയാളികള്‍ ഇത്തരം കാട്ടുപാതകള്‍ ഉപയോഗിക്കുന്നുവെന്നാണ് വിവരം. 

കഴിഞ്ഞ ദിവസം പുല്‍പ്പള്ളിയില്‍ പുഴനീന്തിയെത്തിയ മൂന്ന് പേരെ അധികൃതര്‍ പിടികൂടി നിരീക്ഷണത്തിലാക്കിയിരുന്നു. കാട്ടിലൂടെയുള്ള യാത്ര ജീവന് പോലും ഭീഷണിയായിട്ടും പലരും പിന്തിരിയാന്‍ തയ്യാറായിട്ടില്ല. ആന, കടുവ അടക്കമുള്ള മൃഗങ്ങളുടെ ആക്രമണത്തിന് സാധ്യതയേറെയുള്ളയിടം കൂടിയാണ് ബന്ദിപ്പൂര്‍, മുത്തങ്ങ വനമേഖലകള്‍. 

അതേ സമയം കാട്ടുപാതകളിലൂടെ ജില്ലയില്‍ പ്രവേശിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ല കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. രണ്ട് വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും ഈടാക്കും. നിയമം ലംഘിച്ച് ആളുകള്‍ ജില്ലയില്‍ എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചീരാല്‍, നെന്‍മേനി കാട്ടുപാതകളിലൂടെയാണ് കൂടുതല്‍ ആളുകള്‍ എത്തുന്നത്. 

ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ഒരുവിധത്തിലുള്ള അനുമതിയും ഇല്ലാതെ എത്തുന്നവരെ നിരീക്ഷിക്കാന്‍ പോലീസ് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളില്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഇവിടങ്ങളില്‍ നിന്ന് വരുന്നവര്‍ മറ്റുള്ളവരിലേക്കും രോഗം പടര്‍ത്താന്‍ ഇടയാക്കും. 

ഇത്തരക്കാര്‍ക്കെതിരെ നാട്ടുകാരും ജാഗ്രത പുലര്‍ത്തണം. ഇത്തരത്തില്‍ എത്തുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇതുവരെ പിടിക്കപ്പെട്ടവരെയെല്ലാം നിലവില്‍ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റിയിട്ടുണ്ട്. നിരീക്ഷണ കാലാവധി തീരുന്നതോടെ ഇവര്‍ക്കെതിരെ നയമ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.