Asianet News MalayalamAsianet News Malayalam

മിഠായിത്തെരുവ് ഗതാഗത നിയന്ത്രണം: ഐ.ഐ.എം പഠനവിധേയമാക്കുമെന്ന് കളക്ടര്‍

മിഠായിത്തെരുവ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഐ.ഐ.എമ്മിന്റെ പഠന റിപ്പോര്‍ട്ടിന് ശേഷം വാഹന ഗതാഗത നിയന്ത്രണത്തിന്റെ ഇളവിനെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് കളക്ടര്‍ അറിയിച്ചു. 

collector on traffic control in mittayi theruv
Author
Kozhikode, First Published Jun 17, 2019, 11:35 PM IST

കോഴിക്കോട്: മിഠായിത്തെരുവില്‍  വാഹന ഗതാഗതത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ് വരുത്തണമെന്ന് ആവശ്യമുന്നയിച്ച വ്യാപാരികളുമായി ജില്ലാ കളക്ടര്‍ എസ്. സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ ചര്‍ച്ച നടത്തി. മിഠായിത്തെരുവില്‍ നിലവില്‍ കച്ചവടം കുറഞ്ഞിരിക്കുന്ന സാഹചര്യമാണെന്നും തെരുവ് കച്ചവടത്തിന് നിയന്ത്രണം വരുത്തണമെന്നും പാര്‍ക്കിംഗ് പ്ലാസ നിര്‍മാണം അനിവാര്യമാണെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.

ഒന്നര വര്‍ഷത്തോളം വാഹനം നിരോധിച്ച് മിഠായിത്തെരുവില്‍ ട്രയല്‍  നടത്തിയിരുന്നു. ഇനി വാഹനഗതാഗതം അനുവദിച്ച്  സ്ഥിതിഗതികള്‍ നോക്കണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെട്ടത്. മിഠായിത്തെരുവ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഐ.ഐ.എമ്മിന്റെ പഠന റിപ്പോര്‍ട്ടിന് ശേഷം വാഹന ഗതാഗത നിയന്ത്രണത്തിന്റെ ഇളവിനെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് കളക്ടര്‍ അറിയിച്ചു. 

'വ്യാപാരികളുടെ പരാതികളും പരിഗണിക്കും. വ്യാപാര മാന്ദ്യത്തെക്കുറിച്ചും ഐ.ഐ.എം പഠനവിധേയമാക്കും. പൈതൃക തെരുവിന് തന്നെയാണ് പ്രാമുഖ്യം. പൗരന്‍മാരുടെ താല്പര്യത്തിനും വ്യാപാരികളുടെ ന്യായമായ ആവശ്യത്തിനും  പ്രധാന്യം നല്‍കും'- കളക്ടര്‍ പറഞ്ഞു. 

അസി കളക്ടറുടെ ചേമ്പറില്‍ നടത്തിയ യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ ഷാമിന്‍ വി സെബാസ്റ്റ്യന്‍, തഹസില്‍ദാര്‍ എം. പ്രേമചന്ദ്രന്‍, ഡി.ടി.പി.സി സെക്രട്ടറി സി.പി ബീന, ഡോ.ആര്‍ എസ് ഗോപകുമാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി സേതുമാധവന്‍, വ്യാപാരി വ്യവസായി സമിതി പ്രസി സിറാജ് സഫാരി തുടങ്ങിയവര്‍ പങ്കെടുത്തു. മിഠായിത്തെരുവ് നവീകരണത്തിന് ശേഷമാണ് മിഠായിത്തെരുവിലേക്കുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. വ്യാപാരികൾ ഇതിനെതിരെ സമര രംഗത്താണ്. 


 

Follow Us:
Download App:
  • android
  • ios