പരിശോധനക്കിടെ യുവാക്കളുടെ പരുങ്ങലില്‍ സംശയം തോന്നിയ പൊലീസ്, വാഹനം വിശദമായി പരിശോധിക്കുകയായിരുന്നു. കാറിന്റെ പാസഞ്ചര്‍ സീറ്റ് കവറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 8.5 ഗ്രാം എം ഡി എം എയാണ് കണ്ടെടുത്തത്
കല്‍പ്പറ്റ: പൊലീസ് സ്‌റ്റേഷന് മുന്നിലൂടെ പോയ കാറില്‍ നിന്നും എം ഡി എം എ പിടികൂടി. സംഭവത്തില്‍ കണ്ണൂര്‍, കോഴിക്കോട് സ്വദേശികളെ കമ്പളക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ഏച്ചൂര്‍ മുണ്ടേരി റാസ് വില്ല വീട്ടില്‍ മുഹമ്മദ് റാസിഖ് (24), കോഴിക്കോട് തിരുവള്ളൂര്‍ മച്ചിലോട്ട് വീട്ടില്‍ മുഹമ്മദ് സഫ്‌വ്വാന്‍ (23) എന്നിവരെയാണ് ജില്ല ലഹരിവിരുദ്ധ സ്‌കോഡും കമ്പളക്കാട് പൊലീസും ചേര്‍ന്ന് പിടികൂടിയത്. പുതുവര്‍ഷദിനത്തിന്റെ തലേന്ന് വൈകീട്ടോടെ കമ്പളക്കാട് പൊലീസ് സ്‌റ്റേഷന് മുന്നില്‍ നടത്തിയ പ്രത്യേക പരിശോധനക്കിടെ എത്തിയ കാര്‍ പരിശോധിച്ചപ്പോഴാണ് മാരക മയക്കുമരുന്ന് ലഭിച്ചത്. പരിശോധനക്കിടെ യുവാക്കളുടെ പരുങ്ങലില്‍ സംശയം തോന്നിയ പൊലീസ്, വാഹനം വിശദമായി പരിശോധിക്കുകയായിരുന്നു. കാറിന്റെ പാസഞ്ചര്‍ സീറ്റ് കവറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 8.5 ഗ്രാം എം ഡി എം എയാണ് കണ്ടെടുത്തത്.
പുതുവര്‍ഷ രാത്രി ആഘോഷം
പുതുവര്‍ഷ രാത്രി ആഘോഷത്തിന്റെ ഭാഗമായി ഉപയോഗിക്കാന്‍ കൊണ്ടുപോകുകയായിരുന്നു എം ഡി എം എ. രണ്ട് യുവാക്കളെയും കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്ന് ഇവര്‍ക്ക് ആരാണ് മയക്കുമരുന്ന് കൈമാറിയതെന്നതടക്കമുള്ള വിവരങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്. ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ എം എ സന്തോഷ്, സബ് ഇന്‍സ്‌പെക്ടര്‍ റോയ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ അജികുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അജ്മല്‍, ഷമീര്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പരിശോധന നടത്തിയത്.


