മഞ്ചേരി: പതിനേഴുകാരിയായ വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന കോളേജ് അഡ്മിനിസ്ട്രേറ്ററുടെ ജാമ്യാപേക്ഷ തള്ളി. മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതിയാണ്  കോട്ടക്കൽ കോട്ടൂർ വലിയപറമ്പ് ചെരട മുഹമ്മദ് റഫീഖ് (34)ന്റെ ജാമ്യാപേക്ഷ തള്ളിയത്. 

2019 ഏപ്രിൽ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം. കൊളത്തൂർ പാങ്ങിലെ കോളേജ് അഡ്മിനിസ്ട്രേറ്ററായ പ്രതി ഇതേ സ്ഥാപനത്തിന്റെ അടുക്കളയിൽ വച്ച് പെൺകുട്ടിയെ ബലാൽസംഗം ചെയ്തുവെന്നാണ് കേസ്. തുടർന്ന് പലതവണ ഇത് ആവർത്തിച്ചതായും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. 

കൊളത്തൂർ പൊലീസ് 2019 സെപ്തംബർ 23നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  തുടർന്ന് റിമാന്റിലായ പ്രതിയുടെ ജാമ്യാപേക്ഷ ഇക്കഴിഞ്ഞ നവംബർ അഞ്ചിന് ഇതേ കോടതി തള്ളിയിരുന്നു.