മാവേലിക്കര: തെക്കേക്കരയില്‍ കോളനി നിവാസികള്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന കിണര്‍ ഇടിഞ്ഞു. തെക്കേക്കര പഞ്ചായത്ത് മൂന്നാം വാര്‍ഡ് കുറത്തികാട് ചെറുകുന്നം ലക്ഷം വീട് കോളനിയിലെ പൊതുകിണറിന്റെ സംരക്ഷണ ഭിത്തികളാണ് ഇടിഞ്ഞത്. അന്‍പത് വര്‍ഷത്തിലേറെ പഴക്കമുള്ള കിണറിന്റെ ഉള്‍ഭാഗത്ത് കാടുകയറിയ നിലയിലും തൊടികളില്‍ ഏറെയും തകര്‍ന്ന നിലയിലുമാണ്.

32- ഓളം കുടുംബങ്ങളാണ് കിണറിനെ കുടിവെള്ളത്തിനായി ആശ്രയിച്ചു കഴിയുന്നത്. മൂന്ന്, നാല് വാര്‍ഡുകള്‍ക്കായി കുഴല്‍ കിണറില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നുണ്ട്. എന്നാല്‍ പമ്പ് ചെയ്തു കിട്ടുന്ന ജലം ഉപയോഗ യോഗ്യമല്ലെന്ന് കോളനി നിവാസികള്‍ പറയുന്നു. കിണര്‍ ഉപയോഗ യോഗ്യമാക്കാന്‍ പഞ്ചായത്ത് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. അല്ലാത്തപക്ഷം കുഴല്‍ കിണറില്‍ നിന്നുള്ള പമ്പിംഗ് തടസപ്പെടുത്തുമെന്നും അവര്‍ പറയുന്നു. കിണറിന്റെ ശോചനീയവസ്ഥ പരിഹരിക്കണമെന്ന് വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല.

ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, പട്ടികജാതി വികസന വകുപ്പ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി പോകുന്നതല്ലാതെ തുടര്‍ നടപടികള്‍ ഒന്നും ഉണ്ടാകുന്നില്ലെന്നും കോളനി നിവാസികള്‍ പറയുന്നു. എസ്സി, എസ്റ്റി ഫണ്ട് കോളനിയ്ക്കായി ഇതുവരെ ചിലവഴിച്ചിട്ടില്ലെന്നും അത് ചിലവഴിച്ചെങ്കിലും തങ്ങള്‍ക്ക് കിണര്‍ വൃത്തിയാക്കിതരണമെന്നും നാട്ടുകാർ പറഞ്ഞു.