മാന്നാര്‍: മാന്നാര്‍ പൊതുവൂര്‍ പതിനെട്ടാം വാര്‍ഡില്‍ കറുത്തേടത്ത് പാടശേഖരത്തില്‍ ആമകള്‍ ചത്തുപൊങ്ങി. കാല്‍ നൂറ്റാണ്ടായി തരിശുകിടക്കുന്ന പാടത്തില്‍ തങ്ങിനില്‍ക്കുന്ന വെള്ളം മലിനപ്പെട്ടതാണ് ആമകള്‍ ചത്തുപൊങ്ങാന്‍ ഇടയായതെന്നാണ് നിഗമനം. വെള്ളത്തില്‍ കിടന്നിരുന്ന ആമകള്‍ തല മുകളിലേക്ക് ഉയര്‍ത്തി കറങ്ങിയ ശേഷമാണ് മരിച്ചു വീഴുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

28 ഓളം കുടുംബങ്ങള്‍ ആണ് ഈ പാടശേഖരത്തിന്‍റെ സമീപത്തായി താമസിക്കുന്നത്. ആമകളും, മല്‍സ്യങ്ങളും ചത്തുപൊങ്ങിയതും ജലത്തിന് നിറവ്യത്യസം കണ്ടതും നാട്ടുകാരെ ഭയപ്പാടിലാക്കി. മലിനജലത്തില്‍ നിന്നും കൊതുകുകള്‍ പെരുകി സാംക്രമിക രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും ഏറെയാണ്. സ്വകാര്യ വ്യക്തികള്‍ അടച്ചു വെച്ചിട്ടുള്ള മടകള്‍ തുറന്ന് മലിനജലം ഒഴുക്കിവിട്ടുവാനുള്ള നടപടികള്‍ പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.