റവന്യുവകുപ്പ് മൂന്നുകുടുംമ്പങ്ങളെയും മൂന്നാര്‍ ഹൈ ആള്‍ട്ടിട്ട്യൂഡ് ട്രൈനിംഗ് സെന്‍ററിലാണ് താമസിപ്പിച്ചത്.  എന്നാല്‍ കുറുഞ്ഞിക്കാലത്ത് മൂന്നാറിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ടിക്കറ്റുകള്‍ നല്‍കുന്നതിനാണ് ക്യാമ്പില്‍ നിന്നും ഒഴിപ്പിച്ചതെന്ന് താമസക്കാര്‍ പറയുന്നു. കനത്തമഴയില്‍ വീട്ടിനുള്ളിലേക്ക് മണ്ണുവീണതിനാലാണ് ക്യാമ്പുകളില്‍ അഭയം തേടിയത്

ഇടുക്കി: പ്രളയത്തില്‍ അകപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളെ ബലമായി ഒഴിപ്പിച്ചതായി പരാതി. പഴയമൂന്നാര്‍ മൂലക്കടയില്‍ താമസിച്ചിരുന്ന മുരുകന്‍, തങ്കമണി, കുമാര്‍ എന്നിവരുടെ കുടംമ്പങ്ങളെയാണ് ടിക്കറ്റ് കൗണ്ടറുകള്‍ തുടങ്ങുന്നതിന് റവന്യുവകുപ്പ് ഒഴിപ്പിച്ചത്. പ്രളയത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചലില്‍ മൂലക്കടയില്‍ താമസിച്ചിരുന്ന തങ്കമണി, കുമാര്‍ എന്നിവരുടെ വീടുകള്‍ ഭാഗീകമായും, മുരുകന്റെ വീട് പൂര്‍ണ്ണമായും നശിച്ചിരുന്നു.

റവന്യുവകുപ്പ് മൂന്നുകുടുംമ്പങ്ങളെയും മൂന്നാര്‍ ഹൈ ആള്‍ട്ടിട്ട്യൂഡ് ട്രൈനിംഗ് സെന്‍ററിലാണ് താമസിപ്പിച്ചത്. എന്നാല്‍ കുറുഞ്ഞിക്കാലത്ത് മൂന്നാറിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ടിക്കറ്റുകള്‍ നല്‍കുന്നതിനാണ് ക്യാമ്പില്‍ നിന്നും ഒഴിപ്പിച്ചതെന്ന് താമസക്കാര്‍ പറയുന്നു. കനത്തമഴയില്‍ വീട്ടിനുള്ളിലേക്ക് മണ്ണുവീണതിനാലാണ് ക്യാമ്പുകളില്‍ അഭയം തേടിയത്. എന്നാല്‍ വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്താതെ വീണ്ടും വീടുകളിലേക്ക് റവന്യുവകുപ്പ് പറഞ്ഞുവിടുകയാണെന്ന് ചെയ്യുന്നതെന്ന് താമസക്കാരുടെ പ്രതികരണം. 

എന്നാല്‍ മണ്ണിടിച്ചലില്‍ വീട് പൂര്‍ണ്ണമായി തകര്‍ന്ന മുരുകന് താമസിക്കാന്‍ കമ്പനിയുടെ ലയണ്‍സ് വീട് നല്‍കിയതായും മറ്റ് രണ്ടുപേരുടെ വീടുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് പഞ്ചായത്ത് ഫണ്ട് അനുവധിച്ചതായും വാര്‍ഡ് അംഗം തങ്കം പറഞ്ഞു. വീട് ഭാഗീകമായി തകര്‍ന്ന തങ്കമണി, മുരുകന്‍ എന്നിവര്‍ രാത്രിയില്‍ കിടന്നുറങ്ങുന്നതിനാണ് മാത്രമാണ് ക്യാമ്പുകളില്‍ എത്തുന്നത്. പകല്‍നേരങ്ങളില്‍ വീടുകളിലാണ് താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.