ചെങ്ങന്നൂര്‍ വെണ്‍മണി സ്വദേശിയായ രാജേഷ് രാജന്‍ ആചാരിയ്‌ക്കെതിരെ തമിഴ്‌നാട് സ്വദേശികളായ യുവാക്കളാണ്  പരാതിയുമായി കേരളത്തിലെത്തിയത്

ചെങ്ങന്നൂര്‍: സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി തമിഴ്‌നാട് സ്വദേശികളെ കബളിപ്പിച്ചതായി പരാതി. ചെങ്ങന്നൂര്‍ വെണ്‍മണി സ്വദേശിയായ രാജേഷ് രാജന്‍ ആചാരിയ്‌ക്കെതിരെ തമിഴ്‌നാട് സ്വദേശികളായ യുവാക്കളാണ് ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.

ഏഴ് യുവാക്കളില്‍ നിന്നായി 3,15,000 രൂപയാണ് തട്ടിയെടുത്തത്. കന്യാകുമാരി മരുതന്‍കോട് പോസ്റ്റ് ഓഫീസ് പരിധിയില്‍ താമസിക്കുന്ന കെ ചെല്ലന്റെ മകന്‍ സി ഷാജു (23), ആര്‍ രാജേഷ് (22), ആല്‍ബര്‍ട്ടിന്റെ മകന്‍ എ ബി ശിവാനന്ദ് (24), സുരേന്ദ്രന്റെ മകന്‍ എസ് കെ അരുണ്‍ ഗോകുല്‍ (23), ശെല്‍വരാജിന്റെ മകന്‍ ജെ ബാസ്റ്റ്യന്‍, വില്‍സന്റെ മകന്‍ നിഷാന്ത് (25), കൃസ്തുദാസിന്റെ മകന്‍ വിനീഷ് (23) എന്നിവരാണ് തട്ടിപ്പിന് ഇരയായത്.

രാജേഷിന് കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി നൂറിലധികം തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ നിലവിലുള്ളതായി പൊലീസ് പറഞ്ഞു. കേസില്‍ നിന്ന് ജാമ്യത്തിലിറങ്ങി ഒളിവില്‍ പോവുകയും തട്ടിപ്പുകള്‍ നടത്തുകയും ചെയ്യുന്ന രീതിയാണ് പ്രതിയുടേത്.

യുവാക്കളുടെ എസ്എസ്എല്‍സി മുതല്‍ ബിടെക് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വരെ ഇയാളുടെ കെെയിലാണ്. പണം വാങ്ങിയതിന്റെ തെളിവായി രാജേഷ് മുദ്രപത്രത്തില്‍ എഴുതി നല്‍കും. ഇതോടെ വിശ്വാസം വര്‍ധിച്ച് ആളുകകള്‍ ഇയാള്‍ക്ക് പണം നല്‍കും.

ഒരാളില്‍ നിന്നും മറ്റൊരാളെ കണ്ടെത്തി ചെയിനായി തട്ടിപ്പ് നടത്തി മുങ്ങുന്നതാണ് രീതി. എന്നാല്‍, അടുത്തിടെ ഇയാള്‍ കുറച്ചു പേര്‍ക്ക് പണം മടക്കി കൊടുത്തിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ കൂടുതല്‍ പേര്‍ പുതിയ പരാതികളുമായി രംഗത്ത് വരികയാണ്.

ഇടനിലക്കാര്‍ മുഖേനയാണ് തൊഴിലന്വേഷകരെ കണ്ടെത്തി അവരുമായി ബന്ധപ്പെടുന്നത്. ഇപ്പോള്‍ തട്ടിപ്പിനിരയായി തീര്‍ന്നവര്‍ മൂന്ന് മാസം മുന്‍പ് പണം കൊടുത്തവരാണ്. സമയപരിധി കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നതോടെയാണ് ഇവിടെയെത്തിയത്. എന്നാല്‍, ആളിനെ കണ്ടെത്തനാവാത്തതോടെ പരാതി നല്‍കി തമിഴ് സംഘം സ്വദേശത്തേക്ക് മടങ്ങി. തട്ടിപ്പിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വെണ്‍മണി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.