അമ്പലപ്പുഴ: കൊവിഡ് 19 സ്ഥിരീകരിച്ച വീട്ടിലെ അംഗങ്ങൾ റോഡിൽ ഇറങ്ങി നടന്നെന്ന് പ്രചരണം നടത്തി റോഡ് കെട്ടിയടച്ചവർക്കെതിരെ പരാതി. പുറക്കാട് പഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ നിജ അനിൽകുമാർ ,തോട്ടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആശ പ്രവർത്തക വിജയലക്ഷ്മി എന്നിവരാണ് അമ്പലപ്പുഴ സി.ഐക്ക് പരാതി നൽകിയത്. 

പതിമൂന്നാം വാർഡിലെ കരിക്കമ്പള്ളി കോളനി നിവാസികളായ അമ്മയ്ക്കും, മകനും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 25 ന് ആംബുലൻസ് വരുകയും, ഇടറോടിൽ വാഹനം കയറാത്തതതിനാൽ 15 മീറ്റററോളം നടന്നാണ് രോഗികൾ ആംബുലൻസിൽ കയറിയത്. തുടർ നടപടികളുടെ  ഭാഗമായി  ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ കോളനി മുഴുവനായും അണുവിമുക്തമാക്കുകയും ചെയ്തിരുന്നു. കുറച്ചു സമയത്തിനു ശേഷം സമീപവാസിയായ യാസിൻ ആളുകൾ പോയ സമയത്ത് റോഡിന്‍റെ കവാടം അടച്ചു പൂട്ടി. 

ഇതു കണ്ട നാട്ടുകാർ പ്രദേശം കണ്ടെയിൻമെൻറ് സോണായെന്നു കരുതി ഭീതിയിലാകുകയും, വിവരം മെമ്പറേയും, ആരോഗ്യ വകുപ്പിനെയും അറിയിക്കുകയും ചെയ്തു. മെമ്പർ സ്ഥലത്തെത്തി ഇവരെ കൊണ്ടു തന്നെ തടസം അഴിച്ചുമാറ്റിച്ചു. ഇതേ സമയം സലിം മകനെ നിർത്തി മൊബൈലിൽ ഫോട്ടോ പകർത്തുകയും പിന്നീട് ഈ ഫോട്ടോ സമൂഹ മാധ്യമങ്ങളിലും, ചില പത്രങ്ങളിലും കൊടുക്കുകയും ചെയ്തു. 

വാർഡ് മെമ്പറേയും, ആരോഗ്യ പ്രവർത്തകരെയും തെറ്റായി ചിത്രീകരിച്ചാണ് നവ മാധ്യമങ്ങളിൽ വന്നത്. ഇതിനെതിരെയാണ് മെമ്പറും, ആശ പ്രവർത്തകയും അമ്പലപ്പുഴ സി.ഐ ക്ക് പരാതിനൽകിയത്. തൻറെ പേരും മേൽവിലാസവും പ്രചരിപ്പിച്ചെന്നു കാട്ടി കോവിഡ് പോസിറ്റീവ് സ്ഥീരികരിച്ച് വണ്ടാനം ആശുപത്രിയിൽ കോവിഡ് നിരീക്ഷണ വാർഡിൽ കഴിയുന്ന ആളും സി.ഐക്ക് പരാതി നൽകിയിട്ടുണ്ട്.