ആലപ്പുഴ നെടുമുടിയിൽ റോഡ് വെട്ടിപ്പൊളിച്ചത് ചോദ്യം ചെയ്ത യുവാവിനെ പഞ്ചായത്ത് മെമ്പറുടെ ഭർത്താവിന്‍റെ നേതൃത്വത്തിൽ കെട്ടിയിട്ട് മർദിച്ചതായി പരാതി. എന്നാൽ, യുവാവ് തന്നെ ആക്രമിക്കാൻ ശ്രമിച്ചെന്നും സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്നും വനിതാ പഞ്ചായത്ത് അംഗം ആരോപിക്കുന്നു.

ആലപ്പുഴ: റോഡ് വെട്ടിപ്പൊളിച്ചത് ചോദ്യം ചെയ്തതിന്‍റെ പേരില്‍ യുവാവിനെ പഞ്ചായത്ത് മെമ്പറുടെ ഭര്‍ത്താവിന്‍റെ നേതൃത്വത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചെന്ന് പരാതി. ആലപ്പുഴ നെടുമുടിയില്‍ ഈ മാസം പതിനാറിന് ഉണ്ടായ സംഭവത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്ന പരാതിയുമായി മര്‍ദനമേറ്റ യുവാവിന്‍റെ കുടുംബം ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചു. എന്നാല്‍ കുടിവെളള പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചതിന്‍റെ പേരില്‍ യുവാവ് നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കുകയാണെന്നും തന്നെ ആക്രമിക്കാന്‍ യുവാവ് ശ്രമിച്ചെന്നും വനിതാ പഞ്ചായത്ത് അംഗവും വാദിക്കുന്നു.

കുടിവെളള പൈപ്പിന്‍റെ അറ്റകുറ്റപ്പണിക്കായി നെടുമുടി പഞ്ചായത്തിന്‍റെ രണ്ടാം വാര്‍ഡിലെ റോഡ് വെട്ടിപ്പൊളിക്കുന്നതിനിടെ ഈ മാസം പത്താം തീയതി പഞ്ചായത്ത് അംഗം പ്രതിഭയും നാട്ടുകാരനായ നിമീഷ് എന്ന യുവാവും തമ്മിൽ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. മെമ്പര്‍ അനധികൃതമായിട്ടാണ് റോഡ് വെട്ടിപ്പൊളിക്കുന്നതെന്ന ആരോപണത്തോടെ നിമീഷ് തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച ഈ വീഡിയോ ഏതാണ്ട് അഞ്ചു ലക്ഷത്തിലേറെ പേരാണ് കണ്ടത്. ഈ വീഡിയോ പോസ്റ്റ് ചെയ്തതിന്‍റെ വൈരാഗ്യത്തില്‍ പഞ്ചായത്ത് അംഗം പ്രതിഭയുടെ ഭര്‍ത്താവും മകനും മകന്‍റെ കൂട്ടുകാരനും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്നാണ് നിമീഷിന്‍റെ പരാതി.

ചെറുപ്പത്തില്‍ ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായയാളാണ് നിമീഷ്. നിമീഷിനെ കയറുപയോഗിച്ച് കെട്ടിവരിഞ്ഞ ശേഷം ക്രൂരമായി ഇടിച്ചെന്നും തലയിലും കണ്ണിലുമടക്കം ശരീരമാസകലം പരിക്കേറ്റെന്നും കുടുംബം പറയുന്നു. സിപിഎംകാരിയായ പഞ്ചായത്ത് മെമ്പറുടെ ഭര്‍ത്താവിനെ രക്ഷിക്കാന്‍ പാര്‍ട്ടി സമ്മര്‍ദമുണ്ടായിട്ടുണ്ടോ എന്ന സംശയവും അവര്‍ പങ്കുവയ്ക്കുന്നു. നിരന്തരം മാനസിക പ്രശ്നങ്ങള്‍ പ്രകടിപ്പിക്കുന്നയാളാണ് നിമീഷെന്ന് പഞ്ചായത്ത് അംഗം പ്രതിഭ പറഞ്ഞു. നാല് കുടുംബങ്ങളുടെ കുടിവെളള പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ച ഘട്ടത്തില്‍ അകാരണമായി പ്രകോപനമുണ്ടാക്കി വീഡിയോ ചിത്രീകരിച്ച് തന്നെ അപമാനിക്കുകയായിരുന്നു നിമീഷെന്നും പ്രതിഭ വിശദീകരിക്കുന്നു. കത്തിയുമായി തന്നെ ആക്രമിക്കാന്‍ നിമീഷ് ശ്രമിച്ചിരുന്നതായും പ്രതിഭ ആരോപിച്ചു.

നിമീഷിനെ ആക്രമിച്ച കേസില്‍ പഞ്ചായത്ത് മെമ്പറുടെ ഭര്‍ത്താവ് ഷിനുക്കുട്ടനും മകനുമടക്കം കേസിലെ മൂന്നു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചെന്നുമാണ് പൊലീസിന്‍റെ വിശദീകരണം. എന്നാല്‍ അങ്ങിനെയൊരു അറസ്റ്റ് ഉണ്ടായ കാര്യം പൊലീസ് അറിയിച്ചിട്ടില്ലെന്ന് നിമീഷും കുടുംബവും പറയുന്നു. തലയിലടക്കം പരിക്കേറ്റെന്ന് വ്യക്തമായിട്ടും ദുര്‍ബല വകുപ്പുകള്‍ ഇട്ടത് പ്രതികളെ രക്ഷിക്കാനാണെന്നും അവര്‍ ആരോപിക്കുന്നു.