കഴിഞ്ഞ ദിവസം വൈകീട്ടോടെ ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ട് പേര്‍ റോഡില്‍ തടഞ്ഞുനിര്‍ത്തി പത്രിക പിന്‍വലിച്ചില്ലെങ്കില്‍ കുടുംബം അനാഥമാകുമെന്ന് ഭീഷണിപ്പെടുത്തിയതായി നന്ദന്‍ പറഞ്ഞു.

കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ വിമതനായി മത്സരിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ വധഭീഷണി ഉയര്‍ത്തുന്നതായി പരാതി. 13ാം വാര്‍ഡില്‍ നേതൃത്വത്തെ എതിര്‍ത്തുകൊണ്ട് വിമതനായി മത്സരിക്കുന്ന മുയിപ്പോത്ത് ആപ്പാംകുഴി നന്ദനെതിരെയാണ് (35) വധഭീഷണി ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ 17നാണ് നന്ദന്‍ നാമനിര്‍ദേശ പത്രിക സമര്‍പിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വീട്ടിലെത്തി പത്രിക പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ടോടെ ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ട് പേര്‍ റോഡില്‍ തടഞ്ഞുനിര്‍ത്തി പത്രിക പിന്‍വലിച്ചില്ലെങ്കില്‍ കുടുംബം അനാഥമാകുമെന്ന് ഭീഷണിപ്പെടുത്തിയതായി നന്ദന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ കെപി അരവിന്ദാക്ഷനാണ് വാർഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഭീഷണിയില്‍ ഭയന്ന് മത്സരത്തില്‍ നിന്ന് പിന്‍മാറില്ലെന്നും പ്രചാരണവുമായി മുന്നോട്ടുപോകുമെന്നും നന്ദന്‍ പറഞ്ഞു. ഭീഷണി സംബന്ധിച്ച് മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.