കോഴിക്കോട് ഫറോക്ക് സ്വദേശിയായ വ്യപാരിക്കാണ് 22,000 രൂപ നഷ്ടമായത്
കോഴിക്കോട്:സൈനിക ഉദ്യോഗസ്ഥനാണെന്ന വ്യാജേന മത്സ്യവ്യാപാരിയുടെ പണം തട്ടിയതായി പരാതി.കോഴിക്കോട് ഫറോക്ക് സ്വദേശിയായ വ്യപാരിക്കാണ് 22,000 രൂപ നഷ്ടമായത്. 100 കിലോ മൽസ്യം ആവശ്യപ്പെട്ട് ഗൂഗിൾ പേ വഴിയായിരുന്നു തട്ടിപ്പ്.കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് 100 കിലോ മൽസ്യം ആവശ്യപ്പെട്ട് ഫറോക്ക് കരുവൻതുരുത്തി റോഡിലെ മൽസ്യവ്യാപാരിയായ സിദ്ദീഖിൻ്റെ ഫോണിലേക്ക് ഫോണ്‍ കോൾ വന്നത്. പട്ടാളക്കാരാനാണെന്ന് പരിചയപ്പെടുത്തി ഹിന്ദിയിലായിരുന്നു സംസാരം. ഹിന്ദി അറിയാത്തതിനാൽ കടയിലെ സഹായിയായ വാസിഫിന് ഫോൺ കൈമാറി. ഫറൂഖ് കോളേജിലെ എൻസിസി ക്യാമ്പിലേക്കാണ് മീൻ ആവശ്യപ്പെട്ടത്. കോലി മീനിൻ്റെ ചിത്രവും അയച്ചു നൽകി.
28,000 രൂപ വിലയുറപ്പിച്ച ശേഷം അഡ്വാൻസ് തുക അയക്കനായി അക്കൗണ്ട് വിവരങ്ങൾ തിരക്കി .പിന്നീട് വീഡിയോ കോൾ ചെയ്തു. പണം അയക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കാന്‍ തുടങ്ങി. ഗൂഗിള്‍ പേ ആപ്പ് തുറപ്പിച്ചശേഷം കൃത്യമായ നിര്‍ദേശങ്ങള്‍ വന്നുകൊണ്ടിരുന്നു. അതനുസരിച്ച് ക്രമീകരണങ്ങൾ വരുത്തി അടുത്ത ഘട്ടത്തില്‍ സ്വന്തം പിന്‍ നമ്പര്‍ കൂടി നല്‍കിയതോടെ സിദീഖിന്‍റെ അക്കൗണ്ടിലെ 22,109 രൂപ നഷ്ടമായി. തട്ടിപ്പ് മനസിലാക്കിയ സിദ്ദിഖ് ഫറോക്ക് പൊലീസിലും ബാങ്കിലും പരാതി നൽകി.നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിദ്ദിഖ്. പരാതിയിൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

