വൃത്തിഹീനമായി പ്രവർത്തിക്കുന്ന വെജിറ്റേറിയൻ ഹോട്ടലിനെ കുറിച്ച് ഭക്ഷ്യസുരക്ഷ കമ്മീഷണർക്ക് വാട്സാപ്പിൽ പരാതി
തിരുവനന്തപുരം: വൃത്തിഹീനമായി പ്രവർത്തിക്കുന്ന വെജിറ്റേറിയൻ ഹോട്ടലിനെ കുറിച്ച് ഭക്ഷ്യസുരക്ഷ കമ്മീഷണർക്ക് വാട്സാപ്പിൽ പരാതി. തലസ്ഥാനത്തെ പ്രമുഖ ഐടി സ്ഥാപനങ്ങൾക്ക് സമീപം പ്രവർത്തിക്കുന്ന വെജിറ്റേറിയൻ ഹോട്ടലിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ ഞെട്ടി. ഉടൻ പരിഹരിച്ചില്ലെങ്കിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ. കഴക്കൂട്ടം ഇൻഫോസിസ്, യുഎസ്ടി ഗ്ലോബൽ ക്യാമ്പസുകൾക്ക് മുൻവശം പ്രവർത്തിക്കുന്ന ശ്രീ ശരവണ ഭവൻ എന്ന ഹോട്ടലിലാണ് പരിശോധന നടന്നത്.
ആഹാരവശിഷ്ടങ്ങൾ പോലും നിലത്ത് ചിതറിക്കിടക്കുന്ന അവസ്ഥയിലുള്ള ഹോട്ടലിനെ കുറിച്ച് കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷ കമ്മീഷണർ വി ആർ വിനോദിന് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. കമ്മീഷണറുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷ ഓഫീസർമാർ ഹോട്ടലിൽ എത്തി പരിശോധന നടത്തി. അടുക്കളയും ഭക്ഷണപദാർത്ഥങ്ങൾ സൂക്ഷിച്ചിരിക്കുന്നതും ഉൾപ്പെടെ വൃത്തിഹീനമായ സാഹചര്യത്തിൽ ആണെന്നും ഹോട്ടൽ വൃത്തിഹീനമായ നിലയിലാണ് പ്രവർത്തിക്കുന്നതെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നതിന് പ്രദേശത്തെ ടെക്കികൾ കൂടുതലായി ആശ്രയിക്കുന്ന ഹോട്ടലാണ് ഇത്.
ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയ വീഴ്ചകൾ ഉടൻ പരിഹരിക്കണമെന്നും അല്ലാത്തപക്ഷം ഹോട്ടലിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും ഹോട്ടൽ നടത്തിപ്പുകാർക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക നോട്ടീസ് ഇവർക്ക് നൽകും.
അതേസമയം, തകഴിയിൽ വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ചതിന് അടച്ചുപൂട്ടാൻ നിർദേശിച്ചിട്ടും പൂട്ടാതിരുന്ന ഹോട്ടലിന് വീണ്ടും നോട്ടീസ്. തകഴി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന അമ്പിളി ഹോട്ടലിനാണ് നോട്ടീസ് നൽകിയത്. വൃത്തിഹീനമായി പ്രവർത്തിച്ചതിൻ്റെ പേരിൽ ഏതാനും മാസം മുൻപ് ഈ ഹോട്ടൽ അടച്ചുപൂട്ടാൻ നിർദേശം നൽകിയിരുന്നു.എന്നാൽ അനുവാദമില്ലാതെ ഈ ഹോട്ടൽ വീണ്ടും തുറന്നു പ്രവർത്തിക്കുകയായിരുന്നു.
പഴകിയ ഭക്ഷണ സാധനങ്ങളും ഇവിടെ നിന്ന് പിടികൂടി. ഹോട്ടലുടമക്കെതിരെ കേസെടുക്കുകയും പിഴയീടാക്കുകയും ചെയ്തു.തുടർന്ന് എണ്ണ, വെള്ളം എന്നിവയുടെ സാമ്പിളുകൾ മൊബൈൽ ലാബിൽ പരിശോധിക്കുകയും ചെയ്തു. ലൈസൻസില്ലാതെ പ്രവർത്തിച്ച നീന കഫേക്കും നോട്ടീസ് നൽകി. ഭക്ഷ്യ സുരക്ഷാ ഓഫീസർ രാഹുൽ രാജ്, തകഴി മെഡിക്കൽ ഓഫീസർ ഡോ: ഷിബു സുകുമാരൻ, ജെ.എച്ച്.ഐമാരായ സൂര്യ, മേഴ്സി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
