Asianet News MalayalamAsianet News Malayalam

നിയമം പാലിച്ചില്ലെന്ന്; ബൈക്കിന്‍റെ താക്കോലൂരിയ പൊലീസുകാരന്‍ യുവാവിന്‍റെ ജോലി പ്രതീക്ഷകള്‍ക്ക് തടയിട്ടു

. ഇത്തരമൊരു സാഹചര്യം ഇനിയൊരു ഉദ്യോഗാർത്ഥിക്കും ഉണ്ടാകരുതെന്നും തനിക്ക് നഷ്ടപ്പെട്ട അവസരം  ലഭ്യമാക്കണമെന്നും അരുൺ ആവശ്യപ്പെടുന്നു. 

Complaint that police officer obstructed arun s PSC exam for government jobs
Author
First Published Oct 27, 2022, 2:47 PM IST


കോഴിക്കോട്: രാവും പകലും കഷ്ടപ്പെട്ട് പഠിച്ച് പിഎസ് സിപരീക്ഷയ്ക്ക് തയ്യാറെടുത്ത അരുണിന്‍റെ സർക്കാർ ജോലി എന്ന സ്വപ്നം തകർത്തെറിഞ്ഞത് ഒരു പോലീസുകാരന്‍റെ ദുർവാശി. രാമനാട്ടുകര സ്വദേശി അരുൺ എഷ്യാനെറ്റ് ഓൺലൈനോട് തനിക്കുണ്ടായ ദുർഗതി ഇങ്ങനെ വിവരിക്കുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് അത് സംഭവിച്ചത്. റോഡിൽ കലിപ്പുമായി നടന്ന ഒരു പൊലീസുകാരന്‍ അന്നത് തീർത്തത് രാമനാട്ടുകര മുട്ടുക്കുന്ന് താഴെ പാണഴിമീത്തൽ അരുണിനോടായിരുന്നു. മീഞ്ചന്ത ജീവിഎച്ച്എസിൽ ഉച്ചയ്ക്ക് ശേഷം 1.30 ന് നടക്കുന്ന ഡിഗ്രി പ്രിലിമിനറി പരീക്ഷ എഴുതാൻ പത്ത് കിലോമീറ്റർ അകലെയുള്ള വീട്ടിൽ നിന്നും 12. 30 ന് ബൈക്കിൽ പുറപ്പെട്ടതായിരുന്നു അരുൺ. റോഡിൽ വലിയ ഗതാഗത കുരുക്കുള്ള ദിവസമായിരുന്നു അന്ന്. 

വഴിയില്‍ വച്ച് ഫറോക്ക് പുതിയ പാലം വഴി പോകാൻ പൊലീസ് വാഹനം തിരിച്ചുവിട്ടു. ഇതോടെ ഗതാഗത കുരുക്ക് വർദ്ധിച്ച് വന്നു. ഇങ്ങനെ പോയാൽ പരീക്ഷ സെന്‍ററിൽ സമയത്തിന് എത്താൻ കഴിയില്ലെന്ന് ബോധ്യമായ അരുൺ ബൈക്ക് തിരിച്ച് പഴയപാലം വഴി പോകാൻ ശ്രമിക്കവെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിപിഒ രഞ്ജിത്ത് പ്രസാദ്  ട്രാഫിക് നിയമം തെറ്റിച്ചെന്ന് പറഞ്ഞ് ബൈക്ക് തടഞ്ഞു. തുടര്‍ന്ന് ബൈക്ക് റോഡരുകിലേക്ക് മാറ്റിയിടാൻ ആവശ്യപ്പെട്ടു. കുറച്ച് കഴിഞ്ഞപ്പോൾ അയാള്‍ ബൈക്കിന്‍റെ താക്കോൽ ഊരിയെടുത്തു, 

പിഎസ്സി പരീക്ഷ എഴുതാൻ പോകുകയാണെന്ന് പറഞ്ഞ് നോക്കിയെങ്കിലും രക്ഷയുണ്ടായില്ല. ട്രാഫിക് നിയമം തെറ്റിക്കുന്ന  നീയൊന്നും പിഎസ്സി പരീക്ഷ എഴുതിയിട്ട് ഒരുകാര്യമില്ലെന്നും ട്രാഫിക് നിയമം തെറ്റിക്കണമെങ്കിൽ നിനക്കൊക്കെ ഗൾഫിൽ പോകാം എന്നുതുടങ്ങിയ ഉപദേശങ്ങളായിരുന്നു മറുപടി. അപ്പോഴേക്കും പത്ത് മിനിറ്റോളം കഴിഞ്ഞിരുന്നു. ഇതിനിടെ ഗതാഗത കുരുക്ക് അഴിഞ്ഞ്, വാഹനങ്ങള്‍ സുഗമമായി യാത്രയാരംഭിച്ചിരുന്നു. 

എന്നാല്‍, അപ്പോഴും തന്നെ വിടാന്‍ പൊലീസുകാരന്‍ തയ്യാറായില്ലെന്ന് അരുണ്‍ പറഞ്ഞു.  ഇനി സ്‌റ്റേഷനിലേക്ക് പോയി ഫൈന്‍ അടക്കാമെന്ന് പറഞ്ഞ് പ്രൂഫും വാങ്ങി സീനിയർ സിപിഒ രഞ്ജിത്ത് പ്രസാദ്, സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ടുപോയി. അവിടെയെത്തി എഫ്ഐആർ എഴുതാൻ തുടങ്ങുമ്പോഴേക്കും സമയം രണ്ട് മണി. ആ സമയം സ്റ്റേഷനിലെത്തിയ എസ്ഐ പി ഹനീഫയോട് കാര്യം പറഞ്ഞപ്പോൾ അദ്ദേഹം പൊലീസ് ജീപ്പിൽ കയറ്റി മീഞ്ചന്ത ജീവിഎച്ച്എസിലെ പരീക്ഷാ സെന്‍ററില്‍ കൊണ്ടെത്തിച്ചു. 2.10 ഓടെ പരീക്ഷാ സെന്‍ററിൽ എത്തിയെങ്കിലും ഒഎംആർ ഷീറ്റ് ക്യാൻസൽ ചെയ്തതിൽ പരീക്ഷ എഴുതാൻ പറ്റില്ലെന്ന് സെന്‍റർ അധികൃതർ അറിയിച്ചു. ഇതോടെ ഒരു പോലീസുകാരന്‍റെ ഗർവിൽ പരീക്ഷ എഴുതാനുള്ള തന്‍റെ അവസരം നഷ്ടമായതായി അരുണ്‍ പറയുന്നു. 

പൊലീസ് ജീപ്പിൽ തിരികെ ഫറോക്ക് പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ സീനിയർ സിപിഒ രഞ്ജിത്ത് പ്രസാദ് എഫ്ഐആർ എഴുതി കഴിഞ്ഞതായും ഫൈൻ കോടതിയിൽ അടച്ചാൽ മതിയെന്നും അറിയിച്ചു. തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച ഫറോക്ക് എസിപിയ്ക്ക് തന്‍റെ അവസ്ഥ അറിയിച്ച് അരുൺ പരാതി നൽകി. ഇതേ തുടർന്ന് സീനിയർ സിപിഒ രഞ്ജിത്ത് പ്രസാദിനെ സസ്പെന്‍റ് ചെയ്തു. ഇത്തരമൊരു സാഹചര്യം ഇനിയൊരു ഉദ്യോഗാർത്ഥിക്കും ഉണ്ടാകരുതെന്നും തനിക്ക് നഷ്ടപ്പെട്ട അവസരം  ലഭ്യമാക്കണമെന്നും അരുൺ ആവശ്യപ്പെടുന്നു. പിഎസ്സിയുടെ പ്രിലിമിനറി പരീക്ഷ പല സെക്ഷനുകളിൽ  നടക്കുന്നതിനാൽ തനിയ്ക്ക് ഇനിയും അവസരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു. ഇതിനായി അപേക്ഷ നൽകുമെന്നും അരുൺ പറഞ്ഞു. രാജേന്ദ്രന്‍റെയും അനിതയുടെയും മകനായ അരുൺ ഇലക്ട്രിക്കൽ ഡിപ്ലോമ കഴിഞ്ഞാണ് പിഎസ്സി പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നത്.
 

Follow Us:
Download App:
  • android
  • ios