ഇടുക്കി: ഇടുക്കി കമ്പംമെട്ടിലെ അതിര്‍ത്തി മേഖലയില്‍ നിന്ന് തമിഴ്‌നാട്ടിലേയ്ക്കുള്ള സമാന്തര സര്‍വ്വീസുകള്‍ അമിത കൂലി വാങ്ങുന്നതായി പരാതി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കമ്പംമെട്ട് ചെക്‌പോസ്റ്റിന് സമീപം തമിഴ്‌നാട് ഓട്ടോറിക്ഷകളുടെ സ്റ്റാന്റ് പ്രവര്‍ത്തനം ആരംഭിച്ചത്. അറ്റകുറ്റപണികളെ തുടര്‍ന്ന് കുമളി - കമ്പം റൂട്ടിലെ ഗതാഗതം നിലച്ചതോടെ യാത്രക്കാര്‍ പൂര്‍ണ്ണമായും കമ്പംമെട്ട് വഴിയാണ് യാത്ര ചെയ്യുന്നത്. 

കമ്പംമെട്ടില്‍ നിന്ന് കമ്പം വരെ 13 കിലോമീറ്ററാണ് ദൂരം. നിലവില്‍ ചുരം പാതയില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ ഒരു യാത്രക്കാരനില്‍ നിന്ന് ഈടാക്കുന്നത് 100 മുതല്‍ 150 രൂപവരെയാണ്. കൊച്ചു കുട്ടികള്‍ക്കും 100 രൂപ വരെ ഈടാക്കുന്നുണ്ട്. അറ്റകുറ്റപണികളെ തുടര്‍ന്ന് കുമളി വഴി തമിഴ്‌നാട്ടിലേയ്ക്കുള്ള ഗതാഗതം താത്കാലികമായി നിര്‍ത്തിലാക്കിയതോടെ നൂറുകണക്കിന് യാത്രക്കാരാണ് നിലവില്‍ കമ്പംമെട്ട് വഴി കേരളത്തിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നത്. 

നെടുങ്കണ്ടം, കുമളി, കട്ടപ്പന തുടങ്ങിയ പട്ടണങ്ങളില്‍ നിന്നും തമിഴ്‌നാട്ടിലേയ്ക്കും തിരികെയുമുള്ള ബസ് സര്‍വ്വീസുകള്‍ നിലവില്‍ ഓടുന്നില്ല. കുമളി, വണ്ടിപ്പെരിയാര്‍, പീരുമേട് മേഖലകളിലുള്ള തമിഴ് വംശജരാണ് വാഹനങ്ങളുടെ കുറവ് മൂലം ഏറെ ദുരിതം അനുഭവിയ്ക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി ദിവസേന എന്നോണം തമിഴ്‌നാട്ടില്‍ പോയി മടങ്ങുന്ന നിരവധി പേരുണ്ട്. ഇരു സംസ്ഥാനങ്ങളും കൂടി ആലോചിച്ച് ബസ് സര്‍വ്വീസുകള്‍ പുനരാരംഭിയ്ക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.