ഇടുക്കി: മൂന്നാറിലെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഞയറാഴ്ച പിന്‍വലിക്കുമെന്ന് ദേവികുളം സബ് കളക്ടര്‍ പ്രേംക്യഷ്ണന്‍. ആഴ്ചയില്‍ നാലുദിവസം 10 മുതല്‍ 5 വരെ കച്ചവടസ്ഥാപനങ്ങള്‍ തുറന്നതിനാണ് അനുമതി. ജ്വലറി, വസ്ത്രവ്യാപാരസ്ഥാപനങ്ങള്‍, ഫാന്‍സി സ്റ്റോറുകള്‍ പൂര്‍ണ്ണമായി അടച്ചിടും. 

സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം അടുത്താഴ്ച പൂര്‍ണ്ണതോതില്‍ മുഴുവന്‍ സ്ഥാപനങ്ങളും തുറക്കാന്‍ അനുമതി നല്‍കുമെന്നും സബ് കളക്ടര്‍ പറഞ്ഞു. മൂന്നാറിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പിന്‍വലിച്ച് തിങ്കളാഴ്ച മുതല്‍ കച്ചവടസ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കുമെന്ന് ദേവികുളം സബ് കളക്ടര്‍ പ്രേംക്യഷ്ണന്‍ പറഞ്ഞു. 

വിവിധ കച്ചവട പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. തിങ്കള്‍ ചെവ്വ വ്യാഴം ശനി ദിവസങ്ങളില്‍ ജ്വലറികള്‍, വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍, ഫാന്‍സി സ്റ്റോറുകളൊഴികെയുള്ള മറ്റ് കച്ചവടസ്ഥാപനങ്ങള്‍ തുറക്കാം. രാവിലെ 10 മുതല്‍ 5 വരെയായിരിക്കും അനുമതി. ആഴ്ചയില്‍ രണ്ടുദിവസം പഞ്ചായത്തിന്റെ നേത്യത്വത്തില്‍ അണുനാശിനിതളിക്കും. 

അടുത്താഴ്ച സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം പൂര്‍ണ്ണതോതില്‍ സ്ഥാപനങ്ങല്‍ തുറക്കാനാണ് തീരുമാനം. തമിഴ്നാട്ടില്‍ നിന്നും പച്ചക്കറിയടക്കമുള്ളവ എത്തിക്കുന്ന ഡ്രൈവര്‍മാരെയും അനുബന്ധ ജോലിക്കാരെയും വീട്ടിലേക്ക് വിടുകയില്ല. അവര്‍ക്ക് വ്യാപാരികള്‍ താമിക്കുന്നതിന് ടൗണില്‍ സൗകര്യമൊരുക്കണം. 

തമിഴ്നാട്ടിലെ ബന്ധുക്കളെ മൂന്നാറിലെത്തിക്കാന്‍ ശ്രമിച്ചാല്‍ നിയനടപടികള്‍ സ്വീകരിക്കും. അസുഖം വീണ്ടും റിപ്പോര്‍ട്ട് ചെയ്താല്‍ അനുമതികള്‍ പൂര്‍ണ്ണമായി ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റിടങ്ങളില്‍ നിലവില്‍ കച്ചവടസ്ഥാപനങ്ങള്‍ തുറക്കുന്നതിന് അനുമതിയുണ്ടെങ്കിലും പ്രദേശവാസികളുടെ തിരക്ക് വര്‍ദ്ധിച്ചതോടെ ജില്ലാ ഭരണകൂടം സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു. 

മൂന്നാറിലെ കച്ചവടക്കാരില്‍ ഭൂരിഭാഗവും തമിഴ്നാടുമായി ബന്ധമുള്ളതിനാല്‍ ഇവരുടെ ബന്ധുക്കള്‍ മൂന്നാറിലെത്തുമെന്നുള്ള സുചനയെ തുടര്‍ന്നായിരുന്നു നടപടി. ജില്ലയില്‍ നിലവില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതും സര്‍ക്കാര്‍ ജില്ലയില്‍ ഓറഞ്ച് ആലാര്‍ട്ട് പ്രഖ്യാപിച്ചതുമാണ് സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി ലഭിക്കാന്‍ കാരണം. 

രാവിലെ നടന്ന ചര്‍ച്ചയില്‍ തഹസില്‍ദ്ദാര്‍ ജിജി എം കുന്നപ്പള്ളി, സീനിയര്‍ സൂപ്രണ്ട് ഷാഹിന രാമക്യഷ്ണന്‍, ഡെപ്യൂട്ടി ഡി എം ഒ സുരേഷ് വര്‍ഗീസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാബുരാജ്, ചിത്തിരപുരം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാരോണ്‍, മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി അജിത്ത് കുമാര്‍, മൂന്നാര്‍ ഡി വൈ എസ് പി രമേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.