സുഹൃത്തുക്കള്‍ക്കായി ലഹരി കൊണ്ടുവരുന്നതിനിടെ കമ്പ്യൂട്ടര്‍ എന്‍ജിനിയര്‍ എക്‌സൈസ് സംഘത്തിന്‍റെ പിടിയില്‍. 


കല്‍പ്പറ്റ: സുഹൃത്തുക്കള്‍ക്കായി ലഹരി കൊണ്ടുവരുന്നതിനിടെ കമ്പ്യൂട്ടര്‍ എന്‍ജിനിയര്‍ എക്‌സൈസ് സംഘത്തിന്‍റെ പിടിയിലായി. ബീഹാര്‍ റോത്താസ് ബിയര്‍ബന്ത് സ്വദേശിയും ബാംഗ്ലൂരില്‍ ഓണ്‍ലൈന്‍ ഗെയിംസ് നിര്‍മ്മാണ കമ്പനിയിലെ എന്‍ജിനീയറുമായ പ്രഭാത് സിങ് (28) നെയാണ് മുത്തങ്ങ അതിര്‍ത്തി ചെക്‌പോസ്റ്റില്‍ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. 

ഇയാളില്‍ നിന്നും 525 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കോഴിക്കോടുള്ള സുഹൃത്തുക്കള്‍ക്ക് കൈമാറാന്‍ കെഎസ്ആര്‍ടിസി ബസിലായിരുന്നു പ്രഭാത് സിങ് കഞ്ചാവ് കടത്തിയിരുന്നത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. ബൈജുവിന്‍റെ നേതൃത്വത്തില്‍ പ്രിവന്‍റീവ് ഓഫീസര്‍മാരായ വി. രഘു, അജേഷ് വിജയന്‍ എന്നിവരടങ്ങിയ സംഘമാണ് ബസില്‍ പരിശോധന നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.