ബസിൽ കയറിയ വിദ്യാർഥിനിയോട് കണ്ടക്ടറുടെ അസഭ്യവർഷം, പൊലീസ് 250 രൂപ പിഴയിലൊതുക്കി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
15 കാരിയായ മകളെ മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ച കണ്ടക്ടര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് തിരൂര്‍ സ്വദേശിയായ പിതാവാണ് പരാതി നൽകിയത്
തൃശൂര്‍: ബസില്‍ കയറിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കണ്ടക്ടര്‍ അസഭ്യം പറഞ്ഞെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. തൃശൂര്‍ - മെഡിക്കല്‍ കോളജ് റൂട്ടില്‍ ഓടുന്ന 'ശ്രീനാരായണ' ബസിനെതിരെ നല്‍കിയ പരാതിയിലാണ് കേസ്.
തൃശൂര്‍ വടക്കേ ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് നേരേ കണ്ടക്ടര്‍ അസഭ്യ വര്‍ഷം നടത്തിയത്. ബസില്‍ കയറിയ വിദ്യാര്‍ഥിനി ഇറങ്ങണമെന്ന് പറഞ്ഞാണ് ആദ്യം കണ്ടക്ടര്‍ പ്രശ്‌നം ഉണ്ടാക്കിയത്. യാത്രക്കാര്‍ ഇടപെട്ടെങ്കിലും കണ്ടക്ടര്‍ അസഭ്യം തുടര്‍ന്നു. മാത്രമല്ല മറ്റു വിദ്യാര്‍ഥികളോടും ഇയാള്‍ തട്ടിക്കയറി.
ഇതേതുടര്‍ന്ന് 15 കാരിയായ മകളെ മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ച കണ്ടക്ടര്‍ക്കതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് തിരൂര്‍ സ്വദേശിയായ പിതാവ് പോലീസില്‍ പരാതി നല്‍കി. പരാതിക്കാരന്‍ അറിയാതെ 250 രൂപ പിഴ അടപ്പിച്ച് കേസ് ഒതുക്കി തീര്‍ത്തു. തുടര്‍ന്നാണ് കുട്ടിയുടെ പിതാവ് വീണ്ടും മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കിയത്. ഈ സംഭവത്തിലാണ് കമ്മിഷന്‍ കേസെടുത്തത്. തൃശൂര്‍ ഈസ്റ്റ് പോലീസിനോട് കേസെടുത്ത് അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം