അജന്‍ഡ വോട്ടിനിടണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാത്ത സാഹചര്യത്തില്‍ കൗണ്‍സില്‍ ഹാളില്‍ പ്രതിപക്ഷ അംഗങ്ങള്‍ രാപ്പകല്‍ സമരം നടത്തി.

തൃശൂര്‍: ചെറുകഥാകൃത്ത് സി.വി. ശ്രീരാമന്റെ പേരില്‍ കുന്നംകുളത്ത് സ്മാരക കെട്ടിടം നിര്‍മിക്കുന്നതിനെ ചൊല്ലി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളും. സംഘര്‍ഷത്തില്‍ വനിതാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ക്ക് പരുക്കേറ്റു. വനിത അംഗങ്ങള്‍ ആശുപത്രിയില്‍ ചികിത്സ തേടി. അജന്‍ഡയില്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചതോടെ അജന്‍ഡകള്‍ വായിച്ച് പാസാക്കിയതായി പ്രഖ്യാപിച്ച ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ കൗണ്‍സില്‍ യോഗം പിരിച്ചുവിട്ട് പുറത്തേക്ക് പോകാനായി ശ്രമിക്കുന്നതിനിടെയാണ് പ്രതിപക്ഷ അംഗങ്ങള്‍ കൗണ്‍സില്‍ ഹാളിന്റെ വാതില്‍ ഉള്ളില്‍നിന്നും പൂട്ടി ഭരണകക്ഷി അംഗങ്ങളെയും ഉദ്യോഗസ്ഥരെയും മാധ്യമ പ്രവര്‍ത്തകരെയും ബന്ദികളാക്കിയത്. തുടര്‍ന്നാണ് ഉന്തും തള്ളും സംഘര്‍ഷവും അരങ്ങേറിയത്.

പ്രതിപക്ഷം വനിത കൗണ്‍സിലര്‍മാരെ മുന്നില്‍ നിര്‍ത്തിയാണ് കൗണ്‍സില്‍ ഹാള്‍ പൂട്ടിയിട്ടത്. പിന്നീട് നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്കൊടുവിലും തീരുമാനമാകാത്ത സാഹചര്യത്തില്‍ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ ബലമായി കൗണ്‍സില്‍ ഹാളിന്റെ വാതില്‍ തുറക്കുന്നതിനിടെ പോലീസ് സ്ഥലത്തെത്തി.ഇതോടെ വാതില്‍ തുറന്ന് പുറത്തു കടക്കുകയും ചെയ്തു. ഇതിനിടെ നിരവധി തവണ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് ഉന്തുംതള്ളും ഉണ്ടായി. കോണ്‍ഗ്രസ് അംഗങ്ങളായ ബിജു സി. ബേബി, ലെബീബ് ഹസന്‍, സി.പി.എം. അംഗങ്ങളായ ഷെബീര്‍, സുജീഷ്, ബി.ജെ.പി. അംഗം ബിനു പ്രസാദ് എന്നിവര്‍ തമ്മില്‍ തമ്മിലും ചില വനിത കണ്‍സിലര്‍മാര്‍ നേരിട്ടും സംഘര്‍ഷത്തിലേര്‍പ്പെട്ടു.

അജന്‍ഡ വോട്ടിനിടണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാത്ത സാഹചര്യത്തില്‍ കൗണ്‍സില്‍ ഹാളില്‍ പ്രതിപക്ഷ അംഗങ്ങള്‍ രാപ്പകല്‍ സമരം നടത്തി. സി.വി. ശ്രീരാമന്‍ കള്‍ച്ചറല്‍ സെന്റര്‍ നിര്‍മാണ പ്രവൃത്തിക്ക് എ.സി. മൊയ്തീന്‍ എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍നിന്നും 80 ലക്ഷം രൂപ അനുവദിച്ചിരുന്നു. നഗരസഭ സെക്രട്ടറിയുടെ പേരിലായിരിക്കും സെന്റര്‍ രജിസ്ട്രര്‍ ചെയ്യുകയെന്ന് ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ ചെലവില്‍ സി.പി.എം. ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമാണ് ഇതെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഭരണപക്ഷത്തെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി. സോമശേഖരനും അജന്‍ഡയെ എതിര്‍ത്തു. സംഘര്‍ഷത്തെ തുടര്‍ന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ പരസ്പരം ആരോപിച്ച് പോലീസില്‍ പരാതി നല്‍കി.

നഗരസഭ തുറക്കളം മാര്‍ക്കറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് എഗ്രിമെന്റില്‍ ഒപ്പുവച്ചിട്ടുള്ള സ്ഥാപനത്തിന് ബാങ്ക് ഗാരണ്ടി തുക അനുവദിക്കാനുള്ള ചെയര്‍പേഴ്‌സന്റെ മുന്‍കൂര്‍ അനുമതി കൗണ്‍സില്‍ യോഗം അംഗീകരിച്ചു. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ അവാര്‍ഡ് കുന്നംകുളത്തിന് തിരസ്‌കരിച്ചതില്‍ ഭരണ പ്രതിപക്ഷ ഭേദമന്യേ അംഗങ്ങള്‍ പ്രതിഷേധിച്ചു. ചെയര്‍പേഴ്‌സണ്‍ അടക്കമുള്ളവരെ അവാര്‍ഡ് നല്‍കാന്‍ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി അപമാനിച്ചതായി അംഗങ്ങള്‍ കുറ്റപ്പെടുത്തി.

അവാര്‍ഡ് നിര്‍ണയത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്ന് അംഗങ്ങള്‍ ആരോപിച്ചു. പ്രോത്സാഹന സമ്മാനമായിരുന്നു അനുവദിച്ചിരുന്നതെന്നും വൈകിയത് കാരണം വാങ്ങാതെ തിരിച്ചുവന്നതായും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരുടെ അശ്രദ്ധ മൂലം വൈശേരിയിലെ റോഡ് മഴപെയ്താല്‍ 13 വീടുകള്‍ വെള്ളത്തിലാകുന്നത് തടയാന്‍ നഗരസഭ ഇടപെടണമെന്നും വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം. സുരേഷ് ആവശ്യപ്പെട്ടു. നഗരസഭ കൗണ്‍സില്‍ യോഗത്തിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് വൈകിട്ട് ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനങ്ങള്‍ നടത്തി.

കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണെയും കൗണ്‍സിലര്‍മാരെയും പൂട്ടിയിട്ട് പ്രതിഷേധം