മലപ്പുറം: കൊണ്ടോട്ടിയില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം. യാത്രക്കാരുമായി പോവുകയായിരുന്ന ബസിനെ ഇടിക്കാന്‍ ശ്രമിച്ച ബസിലെ ജീവനക്കാരെ പൊലീസ് പിടികൂടി. 13 അംഗ ക്വട്ടേഷന്‍ സംഘവും ഈ ബസിലുണ്ടായിരുന്നു.

പാലക്കാട് – കോഴിക്കോട് റൂട്ടിലോടുന്ന സന ബസിലെ ജീവനക്കാരെയാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് വെളിക്കാട് സ്വദേശി ആഷിഖിന്‍റെ നേതൃത്വത്തില്‍ ഈ ബസിലുണ്ടായിരുന്ന ക്വട്ടേഷന്‍ സംഘവും പിടിയിലായി. മഞ്ചേരി – കോഴക്കോട് റൂട്ടിലോടുന്ന ചിന്നു-സന എന്നിങ്ങനെയുള്ള ബസ്സുകള്‍ 2 മിനിറ്റിന്റെ വ്യത്യാസത്തിലാണ് കോഴിക്കോട് എത്തുന്നത്. സമയക്രമം സംബന്ധിച്ച് ജീവനക്കാര്‍ തമ്മില്‍ തര്‍ക്കം പതിവായിരുന്നു. 

ഉച്ചയോടെ മഞ്ചേരിയില്‍നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട ചിന്നു ബസിന്‍റെ പിന്നില്‍ ക്വട്ടേഷന്‍ സംഘവുമായി സന ബസ് എത്തി. കൊണ്ടോട്ടിക്ക് സമീപം മുസ്ലിയാരങ്ങാടിയില്‍ വെച്ച് ചിന്നുവിനെ ഇടിക്കാന്‍ ശ്രമിച്ചു. പിടിയിലായവരെ മഞ്ചേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.