ആലപ്പുഴ: വിവാഹ സല്‍ക്കാരം നടക്കുന്നതിനിടെ ഓഡിറ്റോറിയത്തില്‍ വച്ചുണ്ടായ തര്‍ക്കത്തെിലും പിന്നീട് വീട്ടില്‍ വച്ചും ഉണ്ടായ അക്രമത്തില്‍ വെട്ടും കുത്തുമേറ്റു മൂന്ന് പേര്‍ ആശുപത്രിയില്‍. തിരുവമ്പാടി തയ്യില്‍ വീട്ടില്‍ ധനീഷ് (29), തയ്യില്‍ വീട്ടില്‍ ഫിലിപ് (26), ബീച്ച് വാര്‍ഡ് കുത്തുപറമ്പ് അനില്‍ (47) എന്നിവര്‍ക്കാണ് പരുക്കേറ്റത്. മൂവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വലതു കൈത്തണ്ടയില്‍ വെട്ടേറ്റു ഗുരുതര പരുക്കേറ്റ ഫിലിപ്പിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ധനീഷിന്റെ തലയിലാണ് പരുക്ക്. അനിലിന്റെ വലതു നെഞ്ചില്‍ 2 കുത്തേറ്റിട്ടുണ്ട്. വാടയ്ക്കല്‍ ഗുരുമന്ദിരം വാര്‍ഡില്‍ മള്‍ഗര്‍ റോഡിന് പടിഞ്ഞാറാണ് വിവാഹ വീട്. വിവാഹ ശേഷം ഓഡിറ്റോറിയത്തില്‍ ആയിരുന്നു സല്‍ക്കാരം.
ഭക്ഷണം വിളമ്പുന്നതിനിടെ വാക്കേറ്റമുണ്ടായതിനെ തുടര്‍ന്നു പുറത്തുനിന്നു വന്നവര്‍ക്ക് അടിയേറ്റു. 

വൈകിട്ട് വീട്ടില്‍ സല്‍ക്കാരവും ചെണ്ടമേളവും നടക്കുന്നതിനിടെ പുറത്തുള്ളവര്‍ ചോദിക്കാനെത്തിയതാണ് വീണ്ടും അക്രമത്തില്‍ കലാശിച്ചതെന്ന് സൗത്ത് സിഐ എസ്.സനല്‍ പറഞ്ഞു.  പരുക്കേറ്റു കിടന്നവരെ പൊലീസ് എത്തിയ ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. പുറത്തുനിന്നുള്ള സംഘം വന്ന വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.