ഇടുക്കി: മൂന്നാറില്‍ കെട്ടിടം നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്‍കുമ്പോള്‍ ഭൂമി ഗവേഷണ റിപ്പോര്‍ട്ടുകൂടി അധിക്യതര്‍ ആവശ്യപ്പെടണമെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് എ കെ മണി. ഇരുനില കെട്ടിടങ്ങള്‍ക്ക് മാത്രമേ അനുമതി നല്‍കാന്‍ പാടുള്ളുവെന്നും അദ്ദേഹം പറഞ്ഞു. 

മൂന്നാറില്‍ പ്രക്യതിക്ക് അനുയോജ്യമായ നിര്‍മ്മാണങ്ങളല്ല നടത്തിയിരിക്കുന്നത്. പുഴയുടെ തീരത്തും മലകള്‍ ഇടിച്ചുനിരത്തിയും നടത്തിയ നിര്‍മ്മാണങ്ങളാണ് പ്രശ്‌നങ്ങള്‍ സ്യഷ്ടിക്കുന്നത്. പുഴയുടെ തീരത്തെ നിര്‍മ്മാണങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണം. വന്‍കിട കെട്ടിടങ്ങള്‍ക്ക് അനുമതിനല്‍കുമ്പോള്‍ ഭൂമി ഗവേഷണ റിപ്പോര്‍ട്ടുകൂടി ആവശ്യപ്പെടണം. റോഡുകള്‍, ടൂറിസം പദ്ധതികള്‍, പാലങ്ങള്‍ എന്നിവ നിര്‍മ്മിക്കുമ്പോഴും പരിശോധനകള്‍ നടത്തി വേണം നടപ്പിലാക്കാനെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന പെരിയവാരൈ പാലം പോലും പുനര്‍നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇപ്പോഴത്തെ ശക്തമായ മഴയില്‍ മൂന്നാറിലെ പ്രധാന വിനോസഞ്ചാര മേഖലയായ മാട്ടുപ്പെട്ടി റോഡിന്‍റെ ഒരുഭാഗവും ഇടിഞ്ഞു. ഇതോടെ സന്ദര്‍ശകരുടെ വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയുന്നില്ല. സര്‍ക്കാര്‍ ഫണ്ടുകള്‍ വിനിയോഗിക്കുമ്പോള്‍ മൂന്നാറിലെ പ്രക്യതിക്ക് അനുയോജ്യമായ നിര്‍മ്മാണങ്ങളാണോ നടക്കുന്നതെന്ന് പരിശോധിക്ക് വിധേയമാക്കണമെന്ന് എ കെ മണി പറഞ്ഞു. 

മാട്ടുപ്പെട്ടി റോഡിന്‍റെ ഒരുഭാഗം തകര്‍ന്നതോടെ  അപകടമേഖലയില്‍ യാത്രക്കാരെ ഇറക്കിവിട്ടശേഷം ജീവനക്കാര്‍ ബസ്സുമായി മറുഭാഗത്തെത്തി യാത്രക്കാരെ മൂന്നാറിലെത്തിക്കുകയാണ് ചെയ്യുന്നത്.  രണ്ട് വാഹനങ്ങള്‍ ഒരേ സമയം കടന്നുപോയിരുന്ന പാതയില്‍ ഇപ്പോള്‍ ഒരുവാഹനം കഷ്ടിച്ചാണ് പോകുന്നത്.