Asianet News MalayalamAsianet News Malayalam

വാഹനാപകടത്തിന് പിന്നാലെ പൊലീസ് സ്റ്റേഷനിലുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാവ്

കാറിലിടിച്ച ബൈക്ക് യാത്രികനെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ ഉറപ്പാക്കിയ ശേഷം പൊലീസ് സ്റ്റേഷനില്‍ നിന്ന് നേരിട്ട ദുരനുഭവം വ്യക്തമാക്കി മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി സജി ചാക്കോ

congress DCC general secretary saji chaccko shares bitter experience received from kerala police while approached to register a GD entry after accident
Author
Mannanthala, First Published Jul 13, 2021, 1:12 PM IST
  • Facebook
  • Twitter
  • Whatsapp

വാഹനം അപകടത്തില്‍പ്പെട്ടതിന് പിന്നാലെ ജിഡി രേഖപ്പെടുത്താനായി ചെന്നപ്പോള്‍ പൊലീസ് സ്റ്റേഷനില്‍ നിന്നുണ്ടായ മോശം അനുഭവം വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് സജി ചാക്കോ. മല്ലപ്പള്ളി കാര്‍ഷിക വികസന ബാങ്കിന്‍റെ പ്രസിഡന്‍റും, പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്‍റും കോഴഞ്ചേരി സെന്‍റ് തോമസ് കോളേജിലെ പ്രൊഫസറുമായിരുന്ന സജി ചാക്കോയ്ക്കാണ് തിരുവനന്തപുരം മണ്ണന്തല പൊലീസ് സ്റ്റേഷനില്‍ നിന്ന് ദുരനുഭവമുണ്ടായത്.

വിവാഹ ആവശ്യത്തിനായി തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു കാറില്‍ ബൈക്ക് ഇടിച്ചത്. ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലാക്കിയ ശേഷം പ്രാഥമിക ചികിത്സ ഉറപ്പാക്കിയതിന് പിന്നാലെ ജിഡി രജിസ്റ്റര്‍ ചെയ്യാനായി മണ്ണന്തല പൊലീസ് സ്റ്റേഷനില്‍ ചെന്നപ്പോഴുണ്ടായ ദുരനുഭവമാണ് പത്തനംത്തിട്ട ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി സജി ചാക്കോ പറയുന്നത്.

മകനായിരുന്നു ജി ഡി എന്‍ട്രി ആവശ്യവുമായി സ്റ്റേഷനിലെത്തിയത്. അനാവശ്യ കാലതാമസം വരുത്തിയെന്ന് മാത്രമല്ല മകനെ അപമാനിക്കുന്ന രീതിയില്‍ മണ്ണന്തല പൊലീസ് സ്റ്റേഷനിലെ എസ് ഐ പെരുമാറിയെന്നും സജി ചാക്കോ ആരോപിച്ചു. ഇരുഭാഗത്തിനും പരാതിയില്ലാതിരുന്ന കേസില്‍  ഭാവിയില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാവരുതെന്ന് കരുതിയാണ് ജിഡി രജിസ്റ്റര്‍ ചെയ്യാനെത്തിയതെന്നും സജി ചാക്കോ പറയുന്നു. വിവാഹ ആവശ്യത്തിനായി തിരുവനന്തപുരത്ത് എത്തിയ സജി ചാക്കോയ്ക്കും കുടുംബത്തിനും തിരികെ വീട്ടിലെത്തുന്നതില്‍ കാലതാമസം സൃഷ്ടിക്കുന്ന രീതിയിലായിരുന്നു പൊലീസില്‍ നിന്നുള്ള പെരുമാറ്റമെന്നും സജി ചാക്കോ ആരോപിച്ചു.

ഒന്‍പതാം തിയതി സംഭവിച്ച അപകടത്തിന് തമ്പാനൂര്‍ എസിപി ഇടപെട്ടതിന് പിന്നാലെ 12-ാം തിയതിയാണ് ജിഡി ഒപ്പിട്ട് നല്‍കിയതെന്നും സജി ചാക്കോ പറഞ്ഞു. ആഡംബര കാറായതിനാലും ഡ്രൈവറെ കൂട്ടി ചെറുപ്പക്കാരന്‍ ചെന്നതിനാലും പണം പ്രതിക്ഷിച്ചാവും പൊലീസുകാരന്‍ ഇങ്ങനെ പെരുമാറിയതെന്ന സംശയവും സജി ചാക്കോ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പങ്കുവച്ചു. കോണ്‍ഗ്രസുകാരനായിട്ടും കാര്യം എളുപ്പത്തില്‍ ചെയ്തുതന്നില്ല എന്നല്ല പരാതിയെന്നും ഒരു സാധാരണക്കാരനെന്ന നിലയില്‍ പൊലീസില്‍ നിന്ന് കുറച്ചുകൂടി നീതി പൂര്‍വ്വമുള്ള പ്രതികരണം ലഭിക്കാതിരുന്നതിലുമാണ് പരാതിയെന്നുമാണ് സജി ചാക്കോ സംഭവത്തേക്കുറിച്ച് പറയുന്നത്.

എന്നാല്‍ അനവാശ്യമായി കാലതാമസം വരുത്തിയിട്ടില്ലെന്നാണ് മണ്ണന്തല എസ്ഐ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പ്രതികരിച്ചത്. ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് ക്ലെയിം കിട്ടാനായി പലപ്പോഴും വ്യാജമായി ഇത്തരം പരാതികളുമായി പലരും എത്താറുണ്ട്. മറ്റ് പല സ്ഥലങ്ങളിലും നടന്ന സംഭവം ഇത്തരത്തില്‍ ഈ സ്റ്റേഷന്‍ പരിധിയിലാണെന്ന് പറഞ്ഞ് വന്ന് പൊലീസുകാര്‍ കബളിപ്പിക്കാറുണ്ട്. അതുകൊണ്ട് വസ്തുത വിലയിരുത്തിയ ശേഷമാണ് കാര്യങ്ങള്‍ ചെയ്തതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios