തിരുവനന്തപുരം: കോണ്‍ഗ്രസ് പേയാട് മണ്ഡലം പ്രസിഡന്‍റിനെ മണ്ഡലം കമ്മിറ്റി ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പേയാട് ബിപി നഗര്‍ മാഹിന്‍ മന്‍സിലില്‍ താമസിക്കുന്ന മുഹമ്മദ് ഇഖ്ബാലിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗവണ്‍മെന്‍റ്  പ്രസ് ജീവനക്കാരന്‍ കൂടിയായ ഇഖ്ബാലിന്‍റെ മരണത്തില്‍ ദുരൂഹതയില്ലെന്നും സാമ്പത്തിക പ്രശ്നങ്ങളാകാം ആത്മഹത്യക്ക് കാരണമെന്നുമാണ് പൊലീസ് പറയുന്നത്. ഇക്കാര്യം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്‍റായിരുന്ന ഇഖ്ബാല്‍ ഒരുവര്‍ഷം മുമ്പാണ് പേയാട് മണ്ഡലം പ്രസിഡന്‍റാവുന്നത്. പേയാട് പള്ളിമുക്ക് പിറയില്‍ റോഡിലെ കെട്ടിടത്തില്‍ രണ്ടാം നിലയില്‍ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ഓഫിസിലാണ് ഇഖ്ബാല്‍ തൂങ്ങി മരിച്ചത്. രാവിലെ വീട്ടില്‍ നിന്നും നടക്കാനിറങ്ങിയ ഇഖ്ബാല്‍ ഏറെ നേരം കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. 

മൃതദേഹം കണ്ടെത്തിയ മുറിയുടെ ഷട്ടര്‍ പാതി തുറന്ന നിലയിലായിരുന്നു. മണ്ഡലം കമ്മിറ്റിയുടെ ലെറ്റര്‍ പാഡില്‍, എല്ലാവരും ക്ഷമിക്കണം, ഒരു പരാജയ ജന്മത്തിന്‍റെ ആഗ്രഹിക്കാത്ത അന്ത്യം എന്ന് കുറിച്ച ആത്മഹത്യാ കുറിപ്പ് മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തി.  നാല് വര്‍ഷം മുമ്പ് പേയാട് നിര്‍മ്മിച്ച പുതിയ വീട് വിറ്റ ശേഷം അടുത്തിടെ ആണ് വാടക വീട്ടിലേക്ക് ഇഖ്ബാലും കുടുംബവും മാറിയത്. ഭാര്യ- ഷാദിഹ ബീവി, മക്കള്‍- ആഷിന, ആസിഫ്, മരുമകന്‍- ജംഷീദ്.