വിഴിഞ്ഞത്ത് കോൺഗ്രസ് നേതാവായ ഷാനു കബീറിനെ ബിയർകുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ നാല് പേർ അറസ്റ്റിലായി. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
തിരുവനന്തപുരം: വിഴിഞ്ഞത്ത് കോൺഗ്രസ് മുക്കോല മണ്ഡലം വൈസ് പ്രസിഡന്‍റിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. ആറാലുംമൂട് തലയൽ തുണ്ട്തട്ട് പുതുവൽ പുത്തൻ വീട് സ്വദേശികളായ ദീപക്, മുകേഷ്, കൊട്ടിയം മണിമന്ദിരത്തിൻ അജിത് (32), നെയ്യാറ്റിൻകര പത്താംകല്ല് കരക്കച്ചുവിള ബിസ്‌മി മൻസിലിൽ അൽത്താഫ്. കെ(27)എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. കരടിവിള സ്വദേശി ഷാനു കബീറാണ് തലയ്ക്കടിയേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഓട്ടോറിക്ഷ തൊഴിലാളിയായ ഷാനു, സവാരി കഴിഞ്ഞ് ഭക്ഷണം കഴിക്കാനെത്തുമ്പോഴായിരുന്നു ആക്രമണം. ഓട്ടോയിൽ ഇരുന്ന ഷാനുവിനെ വലിച്ചിറക്കി റോഡിലിട്ട് മർദ്ദിക്കുകയും ബിയർ ബോട്ടിലും തടിക്കഷ്ണങ്ങളും കൊണ്ട് തലയിൽ അടിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബിയർ കുപ്പിയുടെ അടിയേറ്റ് ഷാനുവിന് തലയ്ക്ക് സാരമായ പരുക്കേറ്റു. കൈകാലുകൾക്കും പരിക്കുണ്ട്. ഒന്നാം പ്രതി ദീപക്കിന് ഷാനുവുമായി ഉണ്ടായിരുന്ന മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ തടിയും ബിയർ കുപ്പിയുമായി വരുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ പ്രതികളെ പൊലീസ് ആറാലുംമൂട്ടിലെ ഒരു വീട്ടിൽ നിന്നും ഒരാളെ വാടക വീട്ടിൽ നിന്നുമാണ് പിടികൂടിയത്. പ്രതികളിൽ അൽത്താഫ് ഒഴികെ മൂന്നു പേർക്കും മോഷണത്തിനും ലഹരി ഉപയോഗത്തിനും വിവിധ സ്റ്റേഷനുകളിൽ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.
