വെഞ്ഞാറമ്മൂട്ടിൽ നെല്ലനാട് ഗ്രാമ പഞ്ചായത്ത് അംഗമായ കോൺഗ്രസ് നേതാവ് പി. ബാബു ബിജെപിയിൽ ചേർന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവത്തിൽ ആകൃഷ്ടനായാണ് പാർട്ടി മാറിയതെന്ന് അദ്ദേഹം പറയുമ്പോൾ, സീറ്റ് തർക്കമാണ് കാരണമെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ കോൺഗ്രസ് നേതാവ് ബിജെപിയിൽ. നെല്ലനാട് ഗ്രാമ പഞ്ചായത്തിലെ മാണിക്യമംഗലം വാർഡ് മെമ്പർ പി. ബാബു ആണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നെല്ലനാട് പഞ്ചായത്തിലെ മാണിക്യമംഗലം വാർഡിൽ നിന്നും കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് സിപിഎം സ്ഥാനാർഥിയെ തോൽപ്പിച്ചായിരുന്നു മുൻ പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായ ബാബു കോൺഗ്രസിന് വേണ്ടി വാർഡ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം ബിജെപി പ്രാദേശിക നേതാക്കൾ വീട്ടിലെത്തി ഷാൾ അണിയിച്ചാണ് ബാബുവിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്. അമേരിക്ക, റഷ്യ, ചൈന ഉൾപ്പെടെയുള്ള വൻകിട രാജ്യങ്ങളോടൊപ്പം വളർന്നു നിൽക്കാനുള്ള പ്രാപ്തിയിലേക്ക് രാജ്യത്തെ എത്തിച്ച ഭാരതീയ ജനതാ പാർട്ടിയുടെ ഭാഗമാകാനുള്ള താൽപര്യമാണ് തന്നെ ബിജെപിയിലെത്തിച്ചതെന്ന് ബാബു പറഞ്ഞു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തി പ്രഭാവവും ദിവ്യഗുണങ്ങളും ഒരു അവതാര പുരുഷൻ എന്ന നിലയിൽ തന്റെ മനസ്സിൽ വളരെ കാലമായി നിലനിൽക്കുന്നുണ്ടെന്നും ബാബു പറയുന്നു.
അഞ്ചാം തീയതി പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും ബിജെപി അംഗത്വം സ്വീകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, സ്വന്തം വാർഡ് സ്ത്രീ സംവരണമായതിനാൽ സമീപത്തെ കാവറ വാർഡിൽ മത്സരിക്കാൻ താൽപര്യം അറിയിച്ചത് പാർട്ടി അംഗീകരിക്കാത്തതിനാലാണ് ബിജെപിയിലേക്ക് പോയതെന്ന് പ്രാദേശിക കോൺഗ്രസ് നേതാക്കൾ പറയുന്നു. കോൺഗ്രസ് പരിപാടികളിൽ പങ്കെടുക്കാതിരിക്കുന്ന ഇയാൾക്ക് സ്വന്തം വാർഡിൽപ്പോലും ജനപിന്തുണ കുറഞ്ഞു വരികയായിരുന്നെന്നും കോൺഗ്രസ് പ്രവർത്തകർ പറയുന്നു. നിലവിൽ പഞ്ചായത്ത് ഭരണം കോൺഗ്രസിനാണ്. ഒരു അംഗം മാത്രമാണ് ബിജെപിയിൽ നിന്നുമുള്ളത്. തെരഞ്ഞടുപ്പ് വരാനിരിക്കെ കൂടുതൽ പ്രാദേശിക നേതാക്കളെ എത്തിച്ച് ഭരണം പിടിക്കാനാണ് ബിജെപി ശ്രമം.
