ഗോപിനാഥന്‍ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്ത് തുടരുന്നത് നൂല്‍പ്പുഴയില്‍ കോണ്‍ഗ്രസ്-ലീഗ് ബന്ധം വഷളാക്കിയിരുന്നു.
സുല്‍ത്താന്‍ബത്തേരി: മുന്‍നിശ്ചയിച്ചത് പ്രകാരം മുസ്ലീംലീഗിന് സ്ഥാനം കൈമാറാന്‍ കൂട്ടാക്കാതിരുന്ന സ്ഥിരംസമിതി അധ്യക്ഷനെ പുറത്താക്കി കോണ്‍ഗ്രസ്. നൂല്‍പ്പുഴ ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയംഗവുമായ എ കെ ഗോപിനാഥനെയാണ് കോണ്‍ഗ്രസില്‍നിന്ന് ആറുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. സ്ഥിരംസമിതി അധ്യക്ഷസ്ഥാനം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കമാണ് കടുത്ത നടപടിയില്‍ കലാശിച്ചത്. യു.ഡി.എഫ്.
ഭരിക്കുന്ന പഞ്ചായത്തില്‍ ആദ്യ രണ്ടുവര്‍ഷത്തിനുശേഷം സ്ഥിരംസമിതി അധ്യക്ഷസ്ഥാനം മുസ്ലിം ലീഗിന് നല്‍കണമെന്നായിരുന്നു ധാരണ. എന്നാല്‍ ഈ സമയം കഴിഞ്ഞിട്ടും അധികാരം എ കെ ഗോപിനാഥ് വിട്ട് നല്‍കാതെ വന്നതോടെ മുസ്ലിം ലീഗ് ഇടയുകയായിരുന്നു. ഇതോടെ കോണ്‍ഗ്രസ് ജില്ലാനേതൃത്വമടക്കം സ്ഥാനത്തുനിന്ന് മാറാന്‍ ഗോപിനാഥന് നിര്‍ദേശം നല്‍കിയെങ്കിലും ഇദ്ദേഹം രാജിവെക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയെന്ന നടപടിയിലേക്ക് നേതൃത്വം എത്തിയത്.
ഗോപിനാഥന്‍ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്ത് തുടരുന്നത് നൂല്‍പ്പുഴയില്‍ കോണ്‍ഗ്രസ്-ലീഗ് ബന്ധം വഷളാക്കിയിരുന്നു. മാത്രമല്ല നൂല്‍പ്പുഴ പഞ്ചായത്തില്‍ ഉള്‍പ്പെടെ യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ മുന്നണിബന്ധം അവസാനിപ്പിക്കുന്നതിനുള്ള ആലോചനയിലേക്ക് മുസ്ലീംലീഗ് ജില്ല നേതൃത്വം കടക്കുകയും ചെയ്തു. ഇതോടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് നടപടി സ്വീകരിക്കേണ്ടതായി വന്നത്. അതേ സമയം മുസ്ലീം ലീഗ് ഇടഞ്ഞുതന്നെ നില്‍ക്കുകയാണെന്നാണ് വിവരം. എ കെ ഗോപിനാഥന്‍ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന തീരുമാനത്തിന് പിന്നില്‍ കോണ്‍ഗ്രസ് നേതൃത്വം തന്നെയായിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു.
ചൊവ്വാഴ്ച രാവിലെ മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തിനുശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് ലീഗ് തീരുമാനം. മുസ്ലിംലീഗ് പിന്തുണ പിന്‍വലിച്ചാല്‍ നൂല്‍പ്പുഴയില്‍ യു.ഡി.എഫ്. ഭരണം പ്രതിസന്ധിയിലാകും. 17 അംഗ ഭരണസമിതിയില്‍ ഒമ്പതുസീറ്റ് നേടിയാണ് യു.ഡി.എഫ്. ഭരണം ഏറ്റെടുത്തത്. കോണ്‍ഗ്രസിന് അഞ്ചും ലീഗിന് നാലും സീറ്റാണുള്ളത്. മുന്നണിബന്ധം മുസ്ലീംലീഗ് അവസാനിപ്പിച്ചാല്‍ അഞ്ചുസീറ്റ് വെച്ച് ഭരിക്കാന്‍ കഴിയാതെ കോണ്‍ഗ്രസിന് ഭരണം കൈയ്യൊഴിയേണ്ടി വരും.
ഇടതുപക്ഷത്ത് ഉണ്ടായ അധികാരത്തര്‍ക്കം മുതലെടുത്ത് ഭരണത്തിലെത്തിയ യു.ഡി.എഫ് ഭരണസമിതിയും ഇതേ കാരണത്താല്‍ പ്രതിസന്ധിയിലായത് കൗതുകമുളവാക്കുന്നതാണ്. കഴിഞ്ഞ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്ത് ഉടലെടുത്ത തര്‍ക്കങ്ങള്‍ കാരണം സി.പി.എം ലോക്കല്‍ സെക്രട്ടറിയായിരുന്നയാള്‍ തന്നെ വിമതനായി വിജയിച്ച പഞ്ചായത്ത് കൂടിയാണ് നൂല്‍പ്പുഴ.
