ഇടുക്കി: യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്തിനെതിരെ സമരവുമായി കോണ്‍ഗ്രസ്. പഞ്ചായത്ത് പ്രസിഡന്‍റ് ഏകാധിപത്യത്തിനെതിരെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ സമരവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസും വിഭാഗീത തുറന്നുകാട്ടി സമരം സംഘടിപ്പിച്ചത്. പ്രസിഡന്റും വൈസ് പ്രസിഡന്‍ഡറും പറയുന്ന കാര്യങ്ങള്‍ ചില ഉദ്യോഗസ്ഥര്‍ അനുസരിക്കുന്നില്ലെന്നും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത തൊഴിലാളികള്‍ക്ക് തിരിച്ചടിയാവുകയാണെന്നും ആരോപിച്ചായിരുന്നു ധര്‍ണ്ണ സംഘടിപ്പിച്ചെന്നാണ് കെ പി സി സി വൈസ് പ്രസിഡന്റ് എ കെ മണി പറഞ്ഞത്.

കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി നല്ലമുത്തുവിന്‍റെ പേരില്‍ വിതരണം നടത്തിയ നോട്ടീസിലും ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ പാര്‍ട്ടിപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് പ്രസിഡന്‍റ് നടത്തിയ ഏകാധിപത്യമാണ് സമരം സംഘടിപ്പിക്കാന്‍ ഇടയാക്കിയതെന്നാണ് സൂചന. ഭരണപ്രതിസന്ധി നേരിട്ടാല്‍ മുന്നണികള്‍ ചര്‍ച്ച ചെയ്ത് പ്രശ്നങ്ങള്‍ പരിഹരിക്കുകയുമാണ് ചെയ്യുക. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചെടുക്കാന്‍ കഴിയാതെവന്നപ്പോള്‍ ഇത്തരം ചര്‍ച്ചകളിലൂടെയാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്.

ഇടതുമുന്നണിയുടെ യുവജനസംഘടന സമരവുമായി രംഗത്തെത്തിയപ്പോഴും പ്രതിസന്ധി പരിഹരിക്കാന്‍ മുന്നണിപ്രവര്‍ത്തകര്‍ നേരിട്ടെത്തി. എന്നാല്‍ ഇപ്പോള്‍ യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്തിനെതിരെ കെ പി സി സി വൈസ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഡി സി സിയിലടക്കം ഇത് പൊട്ടിത്തെറിക്ക് വഴിയൊരുക്കും.

പഞ്ചായത്തിന്‍റെ കീഴിലുള്ള വിവിധ പദ്ധതികളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരെ ഒഴിവാക്കിയത് പ്രസിഡന്‍റും മുന്നണിയും തമ്മില്‍ പടലപിണക്കത്തില്‍ കലാശിച്ചിരുന്നു. സംഭവം ചര്‍ച്ചകളിലൂടെ പരിഹരിച്ചെങ്കിലും ഇപ്പോഴത്തെ സമരം വീണ്ടും പ്രശ്‌നങ്ങല്‍ സങ്കീര്‍ണ്ണമാക്കും. രാവിലെ പ്രകടനവുമായെത്തിയ പ്രവര്‍ത്തകരെ പഞ്ചായത്ത് കവാടത്തിന് മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് മുദ്രാവാക്യങ്ങള്‍ മുഴക്കി. സിദ്ദാര്‍ മൊയ്തീന്‍, ജി മുനിയാണ്ടി, പഞ്ചായത്ത് അംഗങ്ങളായ നെല്‍സന്‍, വിജയകുമാര്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പീറ്റര്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുത്തു.