കെട്ടിടം നിര്‍മ്മിക്കുന്നതിന് കളക്ടറുടെ അനുമതിയുണ്ടെന്നാണ് ഉടമനല്‍കുന്ന വിശദീകരണം. എന്നാല്‍ പേപ്പറുകള്‍ കാട്ടുന്നതിന് ഇയാള്‍ തയ്യറായില്ല

ഇടുക്കി: മൂന്നാറിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് റവന്യുവകുപ്പ് മൗനാനുമതി നല്‍കിയെന്ന് ആരോപണം. പഞ്ചായത്തിന്റെ നിര്‍മ്മാണത്തിന് സ്റ്റോപ്പ് നല്‍കിയ റവന്യുവകുപ്പ് സമീപത്ത് നിര്‍മ്മിക്കുന്ന ബഹുനില മന്ദിരത്തിന് അനുമതി നല്‍കിയെന്ന് പരാതി ഉയര്‍ന്നതോടെയാണ് വിവാദം തലപൊക്കിയത്. പുഴയോരത്ത് നിര്‍മ്മിക്കുന്ന പഞ്ചായത്ത് കെട്ടിടത്തിന് റവന്യുവകുപ്പാണ് കഴിഞ്ഞ ദിവസം സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ സമീപത്തായി വന്‍കിട മുതലാളിമാര്‍ തോട് കൈയ്യേറി ബഹുനില മന്ദിരം പണിയുന്നതിന് അനുമതി നല്‍കിയതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

കെട്ടിടം നിര്‍മ്മിക്കുന്നതിന് കളക്ടറുടെ അനുമതിയുണ്ടെന്നാണ് ഉടമനല്‍കുന്ന വിശദീകരണം. എന്നാല്‍ പേപ്പറുകള്‍ കാട്ടുന്നതിന് ഇയാള്‍ തയ്യറായില്ല. പ്രളയത്തിന് മുന്നോടിയായാണ് പഴയമൂന്നാര്‍ കെ ഡി എച്ച് ക്ലെമ്പിന് സമീപത്ത് ഇയാള്‍ നിര്‍മ്മാണം ആരംഭിച്ചത്. തോടിന്റെ ഒഴുക്ക് തടസ്സപ്പെടുത്തി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ ദേവികുളം സബ് കളക്ടര്‍ രേണുരാജ് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതോടെ നിര്‍മ്മാണപ്രവര്‍ത്തനം കെട്ടിടയുടമ നിര്‍ത്തിയെങ്കിലും അനുമതിക്കായി ജില്ലാ കളക്ടറെ സമീപിക്കുകയായിരുന്നു.

മൂന്നാര്‍ ടൗണിലെ ശരവണ ഭവന്‍ ഹോട്ടല്‍, സമീപത്തെ ഡോക്ടറുടെ കെട്ടിടം എന്നിവയുടെ നിര്‍മ്മാണവും സബ് കളക്ടര്‍ തടഞ്ഞു. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് സംഘത്തെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കെട്ടിടങ്ങളുടെ പണികള്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ചുവപ്പുകൊടി കാണിച്ച റവന്യുവകുപ്പ് സ്വകാര്യവ്യക്തികള്‍ നടത്തുന്ന നിര്‍മ്മാണങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. സംഭവത്തില്‍ റവന്യുവകുപ്പ് അലസത കാട്ടുന്നത് സംബന്ധിച്ച് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പഞ്ചായത്ത് അധിക്യതര്‍.