Asianet News MalayalamAsianet News Malayalam

അപകടത്തില്‍പ്പെട്ട വാഹനം മാറ്റാനെത്തിയ ക്രെയിനിന് നല്‍കാന്‍ പണമില്ല; ലോറി ഡ്രൈവര്‍ പെരുവഴിയില്‍

അപകടത്തിൽപ്പെട്ട കണ്ടൈയ്നര്‍ ലോറി  മാറ്റിയിട്ട ക്രയിനിന്റെ വാടക കൊടുക്കാനില്ലാത്തതിനാൽ നാട്ടിലേക്ക് മടങ്ങാനുമായില്ല. കഴിഞ്ഞ പത്തു ദിവസമായി ലോറിയിൽ തന്നെ കഴിയുകയാണ് ദില്ലി സ്വദേശിയായ സന്തോഷ് കുമാർ.

container lorry accident in thiruvananthapuram national highway
Author
Thiruvananthapuram, First Published Jul 25, 2021, 1:15 PM IST

തിരുവനന്തപുരം: ദേശീയ പാതയിൽ കോരാണി പതിനാറാം മൈലിൽ വച്ച്  നിയന്ത്രണം തെറ്റിയ കാർ കണ്ടെയിനർ ലോറിയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ദുരിതത്തിലായി ലോറി ഡ്രൈവര്‍. അപകടത്തിൽ പൊലീസ് തടഞ്ഞിട്ട കണ്ടൈയ്നര്‍ ലോറി പത്തു ദിവസം ആയിട്ടും വിട്ടു നൽകിയിട്ടില്ല, ഇതോടെ പെരുവഴിയിലായിരിക്കുകയാണ് ദില്ലി സ്വദേശിയായ ലോറി ഡ്രൈവർ സന്തോഷ് കുമാർ.

അപകടത്തിൽപ്പെട്ട കണ്ടൈയ്നര്‍ ലോറി മാറ്റിയിട്ട ക്രയിനിന്റെ വാടക കൊടുക്കാനില്ലാത്തതിനാൽ നാട്ടിലേക്ക് മടങ്ങാനുമായില്ല. കഴിഞ്ഞ പത്തു ദിവസമായി ലോറിയിൽ തന്നെ കഴിയുകയാണ് സന്തോഷ് കുമാർ. ബീഹാറിൽ നിന്നും ആർമിക്കുവേണ്ടിയുള്ള പാർസൽ നാഗർകോവിലിലെത്തിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്. കഴിഞ്ഞ 15 ന് രാവിലെയായിരുന്നു അപകടം. മറ്റൊരു വാഹനത്തെ ഓവർ ടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന കാർ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കണ്ടൈനർ ലോറിയുടെ ഡീസൽ ടാങ്കിൽ ഇടിച്ച് തകർത്തതിന് ശേഷം കാർ റോഡിന്റെ ഒരു വശത്തേക്ക് മറിയുകയായിരുന്നു. 

അപകടത്തിൽ ആർക്കും പരിക്കില്ലാത്തതിനാൽ  പൊലീസ് കേസെടുത്തിരുന്നില്ല. മംഗലപുരം പൊലീസ് വിളിച്ചെത്തിയ ക്രെയിൻ ഉപയോഗിച്ച് അൻപതു മീറ്റർ ദൂരെ കാറ് മാറ്റിയിട്ടതിന് വാടകയായി 8000 രൂപയാണ് ചോദിച്ചത്. വാടക കാറുടമ നൽകാമെന്ന് പറഞ്ഞാണ് ക്രെയിൻ എത്തിച്ച് വാഹനം മാറ്റിയത്. എന്നാൽ പിന്നിട് കാർ ഉടമ, കാറുമായി കടന്നു കളയുകയായിരുന്നു എന്നാണ് ലോറി ഡ്രൈവർ പറയുന്നത്. ഇതേ തുടർന്ന് ലോറി ഡ്രൈവർ പണം നൽകണമെന്ന് ക്രെയിൻ ഉടമ ആവശ്യപ്പെട്ടതോടെ
മംഗലപുരം പൊലീസും ഇതേ നിലപാട് സ്വീകരിച്ചു. 

ഇതോടെ ലോറി ഡ്രൈവർ വഴിയാധാരമായി. എന്നാൽ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് കാറുകാരൻ മുങ്ങാൻ കാരണമെന്നാണ് ആക്ഷേപം. കാറുകാരനെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് നടത്തുന്നില്ല. പണം നൽകാതെ ലോറിയുമായി പോകാൻ കഴിയില്ലെന്ന് പൊലീസും തീർത്തു പറഞ്ഞു. തുടർന്ന് പത്തു ദിവസമായി ലോറിക്കുള്ളിൽ കഴിയുകയാണ് സന്തോഷ് കുമാർ. ഒരാഴ്ചയിലേറെ പിന്നിട്ടിട്ടും തീരുമാനമായില്ല.

നാട്ടുകാരുടെയും കച്ചവടക്കാരുടെയും കാരുണ്യത്തിലാണ് സന്തോഷ് കുമാർ ഭക്ഷണം വരെ കഴിക്കുന്നത്. തൊട്ടടുത്ത പെട്രോൾ പമ്പിലാണ് പ്രാധമികാവശ്യങ്ങൾ നിറവേറ്റുന്നത്. എന്നാൽ കാറുടമ ഫോണെടുക്കുന്നില്ലെന്നാണ് പൊലീസ് ഭാഷ്യം. സംഭവം വിവാദമായതോടെ പൊലീസ് വീഴ്ച ചൂണ്ടിക്കാട്ടി സപെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios