കോഴിക്കോട്: കണ്ടെയ്ൻമെന്‍റ് സോണിൽ കൊവിഡ് 19 രോഗവ്യാപന  നിയന്ത്രണം ലംഘിച്ച് കടകൾ തുറക്കാൻ ശ്രമിച്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ കോഴിക്കോട് നഗരത്തിൽ വ്യാപാരികളും പൊലീസും നേർക്കുനേർ സംഘർഷമുണ്ടായി. 

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി  സേതുമാധവൻ, മനാഫ് കാപ്പാട്, കബീർ ഉൾപ്പെടെ എട്ടോളം പേരെയാണ് കോഴിക്കോട് ടൗൺ പൊലീസ് സി ഐ ഉമേഷിന്‍റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്തത്. ദിവസങ്ങളായി അടഞ്ഞു കിടക്കുന്ന കടകൾ തുറക്കാൻ കട ഉടമകളോട് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കണ്ടെയ്ൻമെന്‍റ് സോണില്‍ പ്രവര്‍ത്തിച്ചിരുന്ന കടകൾ തുറക്കാൻ ശ്രമിച്ച വ്യാപാരികളെയും നേതാക്കളെയുമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വലിയങ്ങാടി, കമ്മത്ത് ലൈൻ തുടങ്ങിയ ഭാഗങ്ങൾ ആഴ്ചകളായി കണ്ടെയ്ൻമെന്‍റ് സോണാണ്. ദിവസങ്ങളായി ഇവിടെ കടകൾ അടഞ്ഞു കിടക്കുകയായിരുന്നു.