കഴിഞ്ഞാഴ്ച ബഫർ സോൺ വിരുദ്ധ സമരത്തിൻറെ ഭാഗമായ നേതൃസംഗമത്തിൽ പങ്കെടുത്ത നിരവധി പേർക്ക് കൊവിഡ് പടർന്നിരുന്നു. 

കോഴിക്കോട്: കണ്ടെയിന്‍മെന്റ് സോണായ താമരശ്ശേരിയില്‍ നിയമം ലംഘിച്ച് ആള്‍ക്കൂട്ട സമരം നടത്തിയ യു ഡി എഫ് നേതാക്കള്‍ക്കെതിരെ കേസെടുത്തു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ബഫർ സോൺ കരട് വിജ്ഞാപനത്തിനെതിരെ വ്യാഴാഴ്ച താമരശ്ശേരി ബസ് ബേയിലാണ് യു ഡി എഫ് ഉപവാസം നടത്തിയത്. രാവിലെ ഒമ്പതുമണിയോടെ ആരംഭിച്ച സമരം വൈകിട്ട് ആറുമണിയോടെയാണ് അവസാനിപ്പിച്ചത്.

താമരശ്ശേരി ടൗണ്‍ ഉള്‍ക്കൊള്ളുന്ന ഏഴാം വാര്‍ഡില്‍ കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രി ജില്ലാകലക്ടര്‍ ഇവിടെ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് അവഗണിച്ചാണ് യു ഡി എഫ് ഉപവാസ സമരം നടത്തിയത്. അന്‍പതോളം ആളുകളാണ് പലപ്പോഴും സമരപ്പന്തലില്‍ ഉണ്ടായിരുന്നത്. സാമൂഹിക അകലം പാലിക്കാതെയായിരുന്നു സമരം എന്നാണ് ആക്ഷേപം. 

ഇതേ തുടര്‍ന്നാണ് ആള്‍ക്കൂട്ട സമരത്തിനെതിരെ പൊലീസ് കേസെടുത്തത്. മുന്‍ എം എല്‍ എ. വി.എം. ഉമ്മര്‍ മാസ്റ്റര്‍, കെ പി സി സി അംഗം എ. അരവിന്ദന്‍, അഡ്വ. ബിജു കണ്ണന്തറ, അഷ്‌റഫ് കോരങ്ങാട് എന്നിവര്‍ ഉള്‍പ്പെടെ പതിനഞ്ചോളം ആളുകള്‍ക്കെതിരെയാണ് കേസെടുത്തത്. കര്‍ഷക ജനസംരക്ഷണ സമിതി ചെയര്‍മാന്‍ അഡ്വ. ടി. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്തത്. ഐ.സി ബാലകൃഷ്ണന്‍ എം എല്‍ എ അവകാശ പ്രഖ്യാപനം നടത്തി. എം.കെ. രാഘവന്‍ എംപി, കെ.എം. ഷാജി എം എല്‍ എ, മുൻ എംഎൽഎ റോസക്കുട്ടി ടീച്ചര്‍ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തിരുന്നു.

സര്‍വകക്ഷി യോഗത്തിന്റെ തീരുമാനത്തിന് വിരുദ്ധമായി കൊവിഡ് പരത്തുന്നതിന്നായാണ് യു ഡി എഫ് സമരം നടത്തിയതെന്നായിരുന്നു സി പി എ മ്മിന്റെ ആരോപണം. കഴിഞ്ഞാഴ്ച ബഫർ സോൺ വിരുദ്ധ സമരത്തിൻറെ ഭാഗമായ നേതൃസംഗമത്തിൽ പങ്കെടുത്ത നിരവധി പേർക്ക് കൊവിഡ് പടർന്നിരുന്നു. യോഗത്തിൻറെ പ്രധാന സഘാടകനായ ഡി.സി.സി. ഭാരവാഹിക്കായിരുന്നു ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് യു.ഡി.എഫ് നേതാക്കൾക്കും രോഗം പകരുകയായിരുന്നെന്നാണ് ആക്ഷേപം.