ആലപ്പുഴ വണ്ടാനം ഡെന്റല്‍ കോളേജിന് സമീപം കേരള മെഡിക്കല്‍ കോര്‍പ്പറേഷന്റെ മരുന്നുകള്‍ സൂക്ഷിക്കുവാന്‍ നിര്‍മ്മിക്കുന്ന ഗോഡൗണിലായിരുന്നു അപകടം. ട്രെസ് വര്‍ക്കിനായി പൈപ്പുകള്‍ കയര്‍ ഉപയോഗിച്ച് മുകളിലേക്കു കയറ്റുന്നതിനിടെ കയര്‍പൊട്ടി പൈപ്പ് ദേഹത്തു വീണാണ് അപകടം സംഭവിച്ചത്. 

അമ്പലപ്പുഴ: ഗോഡൗണ്‍ നിര്‍മാണത്തിനിടെ കയര്‍പൊട്ടി പൈപ്പ് ദേഹത്തു വീണ് കരാറുകാരന്‍ മരിച്ചു. ചേര്‍ത്തല പള്ളിപ്പുറം ചെമ്മംപള്ളി വീട്ടില്‍ ഔസേപ്പ് കുര്യന്റെ മകന്‍ ജോസി (38)യാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒന്നോടെയായിരുന്നു അപകടം. ആലപ്പുഴ വണ്ടാനം ഡെന്റല്‍ കോളേജിന് സമീപം കേരള മെഡിക്കല്‍ കോര്‍പ്പറേഷന്റെ മരുന്നുകള്‍ സൂക്ഷിക്കുവാന്‍ നിര്‍മ്മിക്കുന്ന ഗോഡൗണിലായിരുന്നു അപകടം.

ട്രെസ് വര്‍ക്കിനായി പൈപ്പുകള്‍ കയര്‍ ഉപയോഗിച്ച് മുകളിലേക്കു കയറ്റുന്നതിനിടെ കയര്‍പൊട്ടി പൈപ്പ് ദേഹത്തു വീണാണ് അപകടം സംഭവിച്ചത്. ആറ് ഇഞ്ചോളം വരുന്ന പൈപ്പാണ് ദേഹത്ത് വീണത്..ഒപ്പമുണ്ടായിരുന്ന തൊഴിലാളിയായ ചേര്‍ത്തല പള്ളിപ്പുറം അഴീക്കല്‍ കുര്യാക്കോസിന്റെ മകന്‍ വര്‍ഗീസി (28)ന്റെ വലതു കൈ അറ്റുപോയി. ഇദ്ദേഹത്തെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി.

ഒപ്പം ഉണ്ടായിരുന്ന മറ്റു രണ്ട് തൊഴിലാളികള്‍ ഓടി മാറിയതിനാല്‍ പരിക്കേറ്റില്ല. മറ്റ് തൊഴിലാളികള്‍ ഉടന്‍ തന്നെ ജോസിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona