Asianet News MalayalamAsianet News Malayalam

കൊവിഡ് 19: അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാന്‍ കോഴിക്കോട് ജില്ലയിൽ കണ്‍ട്രോള്‍ റൂം

കോഴിക്കോട് ജില്ലയില്‍ ഹോം ഡെലിവറി നടത്തുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ജീവനക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന് നടപടിയായി. 

Control room to ensure availability of essential supplies
Author
Kozhikode, First Published Mar 27, 2020, 7:47 AM IST

കോഴിക്കോട്: അടച്ചുപൂട്ടലിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലാ ഭരണകൂടം കളക്ടറേറ്റില്‍ അവശ്യവസ്തുക്കളുടെ കണ്‍ട്രോള്‍ റൂം രൂപീകരിച്ചു. ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പുവരുത്തുക എന്നതാണ് പ്രധാന ദൗത്യം. 

കൂടാതെ ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മേധാവികളുമായുള്ള ഏകോപനം, ജില്ലയിലെ എല്ലാ വ്യാപാര വ്യവസായ സംഘടനകളുമായും നിരന്തര സമ്പര്‍ക്കം,  ജില്ലയില്‍ ഒരിടത്തും അവശ്യവസ്തുക്കളുടെ ക്ഷാമം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുക, അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താന്‍ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും അനിയന്ത്രിതമായ വിലക്കയറ്റവും തടയുക, ഇവ സംബന്ധിച്ച ലഭിക്കുന്ന പരാതികള്‍ ഫലപ്രദമായി പരിഹരിക്കുക തുടങ്ങിയവയാണ് ചുമതലകള്‍.

ദേശീയപാത ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ആണ് കണ്‍ട്രോള്‍ റൂം നോഡല്‍ ഓഫീസര്‍. ജില്ലാ സപ്ലൈ ഓഫീസര്‍, ആര്‍ടിഒ പ്രതിനിധി, ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത പൊലിസ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ അംഗങ്ങളാണ്.
അവശ്യ വസ്തുക്കളുടെ ലഭ്യത ജില്ലയില്‍ ഉറപ്പാക്കാന്‍ ശക്തമായ നടപടികളാണ് ജില്ലാ ഭരണകൂടം കൈക്കൊള്ളുന്നത്.
ഇതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞദിവസം കോഴിക്കോട് വലിയങ്ങാടിയില്‍ പലചരക്കു കടകള്‍ തുറക്കന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം  പരിഹരിച്ചു. 

വ്യാപാരികള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വലിയങ്ങാടിയിലെ 204 കടകളിലുമുള്ള ജീവനക്കാര്‍ക്ക് ആവശ്യമായ തിരിച്ചറിയല്‍ കാര്‍ഡുകള്‍  തയ്യാറാക്കി നല്‍കുന്നതിന് എല്‍.എ.എന്‍.എച്ച് ഡെപ്യൂട്ടി കലക്ടര്‍ അനിതാകുമാരിയെ ചുമതലപ്പെടുത്തി.

കോഴിക്കോട് ജില്ലയില്‍ ഹോം ഡെലിവറി നടത്തുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ജീവനക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന് നടപടിയായി. ഹോം ഡെലിവറിയായി ഭക്ഷണം വിതരണം ചെയ്യുന്ന കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷനിലെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു കഴിഞ്ഞു.

Follow Us:
Download App:
  • android
  • ios