Asianet News MalayalamAsianet News Malayalam

പാൽ നശിപ്പിച്ചിട്ടും വിവാദം തീരുന്നില്ല; ആര്യങ്കാവില്‍ പാല്‍ പിടികൂടിയ ലോറി ഉടമയ്ക്ക് നല്‍കും

ബുധനാഴ്ച ആര്യാങ്കാവിൽ പാൽ പിടികൂടിയ സമയത്ത് നടത്തിയ പ്രാഥമിക പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെന്നായിരുന്നു ക്ഷീരവികസന വകുപ്പിന്റെ ആദ്യ നിലപാട്. എന്നാൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ പാലിൽ മായം കണ്ടെത്താനാകാത്തതോടെ സംഭവം വിവാദമായി

controversy not ending with destroying seized milk in Aryankavu kollam
Author
First Published Jan 20, 2023, 2:43 PM IST

മുട്ടത്തറ: ആര്യങ്കാവിൽ ക്ഷീരവികസന വകുപ്പ് പിടികൂടിയ പാൽ നശിപ്പിച്ചിട്ടും വിവാദം തീരുന്നില്ല. പത്ത് ദിവസം കഴിഞ്ഞിട്ടും പാൽ കേടായിട്ടില്ലെന്നും മായം കലർന്നിട്ടുണ്ടെന്നുമാണ് ക്ഷീരവികസന വകുപ്പിന്റെ പുതിയ വാദം. എന്നാല്‍ വകുപ്പിലെ ലാബിലെ വിദഗ്ധ പരിശോധനയിൽ മായം കണ്ടെത്താനായിട്ടില്ലെന്നായിരുന്നു ക്ഷീരവികസന മന്ത്രി പറഞ്ഞിരുന്നത്.

മുട്ടത്തറ സ്വീവേജ് പ്ലാൻറിൽ വെച്ചാണ് ആര്യങ്കാവിൽ നിന്ന് പിടിച്ചെടുത്ത 15,300 ലിറ്റർ പാൽ പാൽ നശിപ്പിച്ചത്. നശിപ്പിക്കുന്ന സമയത്ത് പാൽ കേടായിട്ടില്ലെന്നാണ് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ വാദം. മായം ഉള്ളത് കൊണ്ടാണിതെന്നാണ് ഡെപ്യൂട്ടി ഡയറക്ടർ രാം ഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. അതേ സമയം നശിപ്പിക്കുന്നതിന് മുമ്പ് പ്രത്യേകമായ പരിശോധന നടത്തിയതായി പറയുന്നില്ല. ബുധനാഴ്ച ആര്യാങ്കാവിൽ പാൽ പിടികൂടിയ സമയത്ത് നടത്തിയ പ്രാഥമിക പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെന്നായിരുന്നു ക്ഷീരവികസന വകുപ്പിന്റെ ആദ്യ നിലപാട്.

എന്നാൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ പാലിൽ മായം കണ്ടെത്താനാകാത്തതോടെ സംഭവം വിവാദമായി. പരിശോധന വൈകിയതാണ് കാരണമെന്ന് പറഞ്ഞ് ക്ഷീരവികസനവകുപ്പ് ഭക്ഷ്യസുരക്ഷാ വകുപ്പിനെ പഴിചാരുകയും ചെയ്തിരുന്നു. എന്നാല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ആരോപണം തള്ളി. ഇതിനിടെ ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാന ലാബിൽ നടത്തിയ പരിശോധനയിലും ഹ്രഡൈജൻ പെറോക്സൈഡ് സാന്നിധ്യം കണ്ടെത്താനായില്ലെന്ന് മന്ത്രി ചിഞ്ചുറാണി തന്നെ സമ്മതിക്കുകയും ചെയ്തിരുന്നു.

ഒടുവിലാണിപ്പോൾ നശിപ്പിക്കുന്ന സമയത്തും മായമുണ്ടെന്ന വകുപ്പിന്‍റെ പുതിയ വാദം. പാൽ നശിപ്പിച്ചിട്ടും പരിശോധന സംവിധാനങ്ങളിലെ പോരായ്മയും വകുപ്പുകൾ തമ്മിലെ ഏകോപനമില്ലായ്മയും തുടരുന്നുവെന്ന് ആര്യങ്കാവ് സംഭവം വീണ്ടും വ്യക്തമാക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയായതിന് ശേഷം ടാങ്കർ ഉടമയ്ക്ക് വിട്ടുനൽകും. നേരത്തെ ആര്യങ്കാവിൽ മായം കലർന്ന പാൽ പിടികൂടിയ സംഭവത്തിൽ പിടിച്ചെടുത്ത വാഹനം ക്ഷീരവികസന വകുപ്പിന് വിട്ടുനൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 

ക്ഷീരവികസന വകുപ്പ് പിടികൂടിയ പാലില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബില്‍ നടത്തിയ പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡ് കണ്ടെത്താനായിരുന്നില്ല. പാലിൽ കൊഴുപ്പിന്‍റെ കുറവ് മാത്രമാണ്  ഭക്ഷ്യസുരക്ഷാ വകുപ്പിന് കണ്ടെത്താനായത്. ജനുവരി 11നാണ് തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പാല്‍ ടാങ്കര്‍ ലോറി ക്ഷീര വികസന വകുപ്പ് പിടികൂടിയത്. അതിർത്തി സംസ്ഥാനങ്ങളിൽ നിന്ന് മായം കലർത്തിയ പാൽ കേരളത്തിലേക്ക് കടത്തുന്നെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ക്ഷീരവികസന വകുപ്പ് പരിശോധന നടത്തിയത്. KL 31 L 9463 എന്ന ലോറിയിൽ കൊണ്ടുവന്ന 15300 ലിറ്റർ പാലിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെന്നായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ടുകള്‍. അതിനിടെ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്നു ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചതും വാര്‍ത്തയായിരുന്നു.

Follow Us:
Download App:
  • android
  • ios