Asianet News MalayalamAsianet News Malayalam

അവശനിലയിൽ കണ്ട തെരുവ് നായയെ കാറില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തില്‍ വിവാദം; യുവാവിനെതിരെ പരാതി

പീപ്പിൾ ഫോർ അനിമൽ സംഘടനയുടെ ക്രുവൽറ്റി റസ്പോൺസ് വോളന്റിയർ പാർവതി മോഹൻ സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം ജില്ലാ കളക്ടർ, സിറ്റി പൊലീസ് കമ്മീഷണർ, വിഴിഞ്ഞം പൊലീസ് എന്നിവർക്ക് ഇമെയിൽ മുഖേന പരാതി നൽകിയിരിക്കുന്നത്.

controversy on a young man took injured dog to hospital in thiruvananthapuram police complaint against him afe
Author
First Published Nov 18, 2023, 1:27 AM IST

തിരുവനന്തപുരം: കോവളത്ത് റോഡിൽ അവശനിലയിൽ കണ്ട തെരുവ് നായയെ യുവാവ് മൃഗാശുപത്രിയിൽ എത്തിച്ച സംഭവത്തില്‍ വിവാദം. യുവാവിനെതിരെ പീപ്പിൾ ഫോർ അനിമൽ സംഘടന പൊലീസിൽ പരാതി നല്‍കി. അതേസമയം ചില ആക്ടിവിസ്റ്റുകൾ കാരണം നല്ല പ്രവൃത്തികൾ ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്ന് തെരുവ് നായയെ ആശുപത്രിയിൽ എത്തിച്ച രോഹൻ കൃഷ്ണയും ആരോപിക്കുന്നു

അർദ്ധബോധാവസ്ഥയിലുള്ള നായയെ മൃഗാശുപത്രിക്ക് മുന്നിൽ ഉപേക്ഷിച്ചു കടന്നു എന്നും പബ്ലിസിറ്റിക്ക് വേണ്ടി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു എന്നും ആരോപിച്ചാണ് രോഹൻ കൃഷ്ണയ്ക്ക് എതിരെ പീപ്പിൾ ഫോർ അനിമൽ സംഘടനയുടെ ക്രുവൽറ്റി റസ്പോൺസ് വോളന്റിയർ പാർവതി മോഹൻ സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം ജില്ലാ കളക്ടർ, സിറ്റി പൊലീസ് കമ്മീഷണർ, വിഴിഞ്ഞം പൊലീസ് എന്നിവർക്ക് ഇമെയിൽ മുഖേന പരാതി നൽകിയിരിക്കുന്നത്.  

ആശുപത്രിയിൽ എത്തിച്ച നായക്ക് വേദന സംഹാരി ഇഞ്ചക്ഷൻ നൽകിയ ഡോക്ടർ അവിടെ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ നഗരത്തിലെ സർകാർ മൃഗാശുപത്രിയിലേക്ക് കൊണ്ട് പോകാൻ അറിയിച്ചെങ്കിലും അതിനു തയ്യാറാകാതെ ആശുപത്രിക്ക് മുന്നിൽ ഉപേക്ഷിച്ച് രോഹൻ പോകുകയായിരുന്നു എന്ന് പാർവതി ആരോപിക്കുന്നു. ചോര ഒലിപ്പിച്ചു നിന്ന നായയെ രോഹൻ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത് നല്ല കാര്യം തന്നെയാണെന്നും എന്നാൽ അബോധാവസ്ഥയിൽ ഉള്ള നായയെ തുടർ ചികിത്സ ഒരുക്കാതെ തെരുവിൽ ഉപേക്ഷിച്ചത് ആ നായയുടെ ജീവന് തന്നെ ആപത്തായ പ്രവൃത്തി ആണെന്നും പാർവതി പറഞ്ഞു. 

വിഴിഞ്ഞം സർകാർ മൃഗാശുപത്രിയിലെ ഡോക്ടർ നൽകിയ നമ്പർ അനുസരിച്ച് നായയെ ഏറ്റെടുക്കാൻ രോഹൻ പീപ്പിൾ ഫോർ അനിമൽ എന്ന സംഘടനയുടെ ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെട്ടിരുന്നു. നായയെ ഏറ്റെടുക്കാൻ തങ്ങൾ തയ്യാറാണ് എന്ന് അറിയിച്ചു. എന്നാൽ വാഹനം വർക്ക്ഷോപ്പിൽ ആയതിനാൽ നായയെ അവിടേക്ക് കൊണ്ട് ചെല്ലാൻ അഭ്യർത്ഥിച്ചെങ്കിലും രോഹൻ തയ്യാറായില്ല എന്നാണ് പാർവതി പറയുന്നത്. രോഹൻ നായയെ ഉപേക്ഷിച്ച ആശുപത്രിക്ക് സമീപം രാത്രി ഭക്ഷണം നൽകാൻ പിന്നീട് വോളന്റിയർമാർ എത്തിയെങ്കിലും നായയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും സമീപവാസികളോട് അന്വേഷിച്ചിട്ടും നായയെ കുറിച്ച് വിവരം ലഭിച്ചില്ലെന്നും പാർവതി പറഞ്ഞു. നായയെ കിട്ടിയ സ്ഥലം എവിടെയാണെന്ന് ചോദിച്ചെങ്കിലും രോഹൻ മറുപടി നൽകിയില്ലെന്നും പാർവതി ആരോപിക്കുന്നു.  

നിയമ വിരുദ്ധമായി തെരുവ് നായയെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് അനുമതി ഇല്ലാതെ കൊണ്ട് ഉപേക്ഷിച്ചതിനും, പരിക്ക് പറ്റിയ നായയെ തെരുവിൽ ഉപേക്ഷിച്ചതിനും, മൃഗങ്ങൾക്ക് വേദനയോ പട്ടിണിയോ ഉണ്ടാക്കുന്ന സാഹചര്യം ഒരുക്കിയതിനും, സമൂഹ മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനും നടപടി എടുക്കണം എന്ന് കാട്ടിയാണ് പാർവതി പരാതി നൽകിയിരിക്കുന്നത്. 

എന്നാല്‍ വഴിയിൽ ചോര ഒലിപ്പിച്ചു നിന്ന തെരുവ് നായയെ സമീപത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിക്കുക മാത്രമാണ് താൻ ചെയ്തത് എന്ന് രോഹൻ പറഞ്ഞു. ആ തെരുവ് നായ എങ്ങനെ പെരുമാറും എന്ന് അറിയാത്തതിനാൽ കടി ഏൽക്കാതെ ഇരിക്കാൻ അതിന്റെ മുഖം തുണി ഉപയോഗിച്ച് മറച്ചാണ് താനും സുഹൃത്തുകളും കാറിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ അതിനെ പരിശോധിക്കാൻ പോലും തയ്യാറായില്ല. അവിടെ ഉള്ളവർ നായയുടെ ശരീരത്തിൽ തൊടാൻ പോലും തയ്യാറായില്ലെന്നും തങ്ങളോട് നായയെ പിടിച്ചു വെയ്ക്കാൻ ആവശ്യപ്പെടുകയും തുടർന്ന് ആണ് പെയിൻ കില്ലർ ഇഞ്ചക്ഷൻ മാത്രം നായക്ക് നൽകിയതെന്നും രോഹൻ പറഞ്ഞു. 

തിരികെ പോകാൻ ഇറങ്ങുമ്പോൾ ഡോക്ടർ അവർക്ക് തെരുവ് നായയെ പുനരധിവസിപ്പിക്കാൻ സൗകര്യം ഇല്ലെന്നും നായയെ തിരികെ കൊണ്ട് പോകണം എന്നും അല്ലെങ്കിൽ വിദഗ്ദ ചികിത്സയ്ക്ക് നഗരത്തിലെ മൃഗാശുപത്രിയിൽ മാറ്റണം എന്നും നിർദ്ദേശിക്കുകയായിരുന്നു എന്ന് രോഹൻ പറഞ്ഞു. തന്റെയും ഒപ്പം ഉണ്ടായിരുന്നവരുടെയും സുരക്ഷ കൂടി കണക്കിലെടുത്ത് താൻ അനിമൽ റെസ്ക്യൂ സംഘടനകളെ ബന്ധപ്പെട്ടെങ്കിലും അവിടെ എത്തി നായയെ കൊണ്ട് പോകാൻ സാങ്കേതിക തടസ്സങ്ങൾ പറഞ്ഞതിനാൽ കഴിഞ്ഞില്ല എന്നും രോഹൻ പറഞ്ഞു. മൂന്ന് മണിക്ക് ആശുപത്രി പൂട്ടി പോകണം എന്നും നായയെ കൊണ്ട് പോകണം എന്നും വിഴിഞ്ഞം മൃഗാശുപത്രിയിലെ ജീവനക്കാർ പറഞ്ഞതിനാലാണ് മറ്റ് വഴികൾ ഇല്ലാതെ ആശുപത്രിക്ക് ഉള്ളിൽ നിന്ന് നായയെ എടുത്ത് മതിലിനു പുറത്ത് കിടത്തി പോയത് എന്നും രോഹൻ പറഞ്ഞു. 

അപകടത്തിൽ പരിക്ക് പറ്റിയ ഒരാളെ പേര് പോലും വെളിപ്പെടുത്താതെ ആശുപത്രിയിൽ എത്തിച്ചു പോകാൻ ഉള്ള നിയമം നാട്ടിൽ ഉള്ളപ്പോഴാണ് ഒരു മൃഗത്തിനെ ആശുപത്രിയിൽ എത്തിച്ച പേരിൽ തനിക്കെതിരെ പരാതി നൽകിയിരിക്കുന്നതെന്നാണ് രോഹന്റെ മറുപടി. സംഭവത്തിന്റെ പേരിലുള്ള നിയമനടപടികൾ നേരിടാൻ താൻ തയ്യാറാണെന്നും രോഹൻ പറയുന്നു. പാർവതിയുടെ പരാതിയിൽ അന്വേഷിച്ചു തുടർ നടപടികൾ സ്വീകരിക്കുമെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. 

സംസ്ഥാന സർക്കാരിന്റെ തന്നെ 1962 അനിമൽ ആംബുലൻസ് സംവിധാനം ഉൾപ്പടെ നിലവിൽ ഉള്ളപ്പോൾ സർകാർ മൃഗാശുപത്രിയിൽ നിന്ന് പരിക്ക് പറ്റിയ തെരുവ് നായയെ വിദഗ്ദ ചികിത്സയ്ക്ക് മാറ്റുന്നതിന് ഇത്തരത്തിൽ ഒരു പ്രശ്നം ഉണ്ടായത് അന്വേഷിക്കണം എന്നും അവശ്യം ഉയരുകയാണ്. 

Follow Us:
Download App:
  • android
  • ios