സ്വര്‍ണവായ്പാ തട്ടിപ്പില്‍ മാത്രം ഓഡിറ്റിൽ കണ്ടെത്തിയത് ഏകദേശം അരക്കോടി രൂപയുടെ തട്ടിപ്പ്. ബാങ്ക് ഭരണസമിതി അംഗങ്ങളും നഗരസഭ സെക്രട്ടറിയും അടക്കം തട്ടിപ്പ് നടത്തിയവരുടെ പട്ടിക നീളുകയാണ്

ആലപ്പുഴ: സിപിഎം ഭരിക്കുന്ന കായംകുളം കണ്ടല്ലൂര്‍ സഹകരണ ബാങ്കില്‍ സ്വര്‍ണപണയ വായ്പയിലുള്‍പ്പെടെ വന്‍ വെട്ടിപ്പും ക്രമക്കേടും.സ്വർണ പണയ ഇടപാടിൽ മാത്രം അരക്കോടി രൂപയുടെ വെട്ടിപ്പ് നടന്നെന്ന് തെളിയിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. തട്ടിപ്പിന് ചുക്കാന്‍ പിടിച്ച ബാങ്ക് പ്രസിഡന്‍റ് അടക്കമുള്ള ഭരണസമിതി അംഗങ്ങള്‍ക്കെതിരെ നിയമ നടപടി വേണമെന്ന ശുപാര്‍ശ പൂഴ്ത്തി വെച്ച അധികൃതര്‍, 5 ജീവനക്കാരെ മാത്രം സസ്പെന്‍റ് ചെയ്ത് നടപടികൾ അവസാനിപ്പിച്ചു. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണ പരമ്പര

സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട ലക്ഷങ്ങളുടെ വെട്ടിപ്പ് പുറത്ത് വന്നത് യാദൃശ്ചികമായി. 25000 രൂപയുടെ സ്വര്‍ണ വായ്പ എടുത്ത അമ്പിളി എന്ന വീട്ടമ്മ , മാസങ്ങള്‍ക്ക് ശേഷം സ്വർണം തിരിച്ചെടുക്കാന്‍ കണ്ടല്ലൂര്‍ സഹകരണ ബാങ്കില് എത്തുന്നു . ജീവനക്കാരന്‍റെ മറുപടി കേട്ട വീട്ടമ്മ ഞെട്ടി. മാസങ്ങള്‍ക്ക് മുമ്പ് തന്നെ മുഴുവൻ പണവും അടച്ച് അമ്പിളി സ്വര്‍ണം തിരികെ വാങ്ങിയെന്നായിരുന്നു മറുപടി. മാത്രമല്ല അമ്പിളിയുടെ വ്യാജ ഒപ്പിട്ട വായ്പ ലെഡ്ജറും കാട്ടി. ഇതോടെ സഹകരണവകുപ്പിലെ കണ്‍കറന്‍റ് ഓഡിറ്റര്‍ക്ക് അമ്പിളി പരാതി നല്‍കി. ഈ പരാതിയിൽ നടത്തിയ അന്വേഷണത്തില്‍ പുറത്ത് വന്നത് ഭരണസമിതിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ നിരവധി തട്ടിപ്പുകള്‍

കാര്‍ത്തികപ്പള്ളി സഹകരണ സംഘം അസിസ്റ്റന്‍റ് രജിസ്ട്രാർ ഓഫീസ് നടത്തിയ ഓഡിറ്റ് റിപ്പോർട്ടിൽ മുന്‍ ഭരണസമിതിയുടെ കാലത്ത് നടന്ന തട്ടിപ്പുകൾ ഒന്നൊന്നായി എണ്ണിപ്പറയുന്നു. ഉടമകൾ അറിയാതെ സ്വര്‍ണ ഉരുപ്പടികള്‍ വിറ്റു. ചില ഉരുപ്പടികള്‍ പിഴപ്പലിശ പൂര്‍ണമായും ഒഴിവാക്കി ലേലം ചെയ്ത് വിറ്റു. കംപ്യൂട്ടർ സോഫ്റ്റവെയറിൽ കൃത്രിമം നടത്തി വായ്പ ഉടമ്പടിയിൽ പറഞ്ഞ നിരക്കിനേക്കാള്‍ കുറഞ്ഞ പലിശ നിരക്ക് രേഖപ്പെടുത്തി. ഇതിനായി വ്യാജ രേഖകൾ ചമച്ചു. തട്ടിപ്പിന്‍റെ കഥകള്‍ നീളുന്നു

സ്വര്‍ണവായ്പാ തട്ടിപ്പില്‍ മാത്രം ഓഡിറ്റിൽ കണ്ടെത്തിയത് ഏകദേശം അരക്കോടി രൂപയുടെ തട്ടിപ്പ്. ബാങ്ക് ഭരണസമിതി അംഗങ്ങളും നഗരസഭ സെക്രട്ടറിയും അടക്കം തട്ടിപ്പ് നടത്തിയവരുടെ പട്ടിക നീളുകയാണ്. സിപിഎം കായംകുളം ഏരിയാ സെന്‍റര്‍ അംഗവും ബാങ്ക് പ്രസി‍ഡന്‍റുമായ അഡ്വ എസ് സുനില്‍കുമാറാണ് നാലാംസ്ഥാനത്ത്. ബാങ്കിന് വന്ന നഷ്ടം 18 ശതമാനം പലിശ സഹിതം കുറ്റക്കാരില്‍നിന്ന് ഈടാക്കണമെന്നും നിയമനടപടി സ്വീകരക്കണമെന്നും ഓഡിറ്റർ ശുപാർശ ചെയ്തു. എന്നാല്‍ അഞ്ച് ജീവനക്കാരെ മാത്രം സസ്പെന്‍റ് ചെയ്ത് അധികൃതർ നടപടി ഒതുക്കി. സുനില്‍കുമാറാകാട്ടെ അടുത്ത ഭരണസമിതിയിലും പ്രസിഡന്‍റായി അധികാരത്തിലുമെത്തി. അതേസമയം ഓഡിറ്റ് റിപ്പോര്‍ട്ട് ഏകപക്ഷീയമെന്നായിരന്നു സുനില്‍കുമാറിന്‍റെ പ്രതികരണം