തുണിക്കഷ്ണങ്ങളിൽ നിന്നു കോട്ടൺവേസ്റ്റ്; ഐഡിയ ഹിറ്റായതിന്റെ സന്തോഷത്തിൽ സുബിൻ; 30 ലേറെ സ്ത്രീകൾക്ക് തൊഴിലും
തിരുപ്പൂരിലെ തുണിമില്ലുകളിൽ നിന്നാണ് തുണിക്കഷ്ണങ്ങളെത്തിക്കുക. തുടക്കത്തിൽ യന്ത്രസഹായത്തോടെയായിരുന്നു കോട്ടൺ വേയ്സ്റ്റ് നിർമ്മാണം.
പാലക്കാട്: വർക്ക് ഷോപ്പുകളിൽ ഉപയോഗിക്കുന്ന കോട്ടൺ വെയ്സ്റ്റ്. അതെങ്ങനെ നിർമ്മിക്കുമെന്ന് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഈ ചിന്തതന്നെയാണ് കൊല്ലങ്കോട് സ്വദേശി സുബിനെ പുതുമയുളള സംരംഭത്തിലേക്കെത്തിച്ചത്. ലോക് ഡൌൺകാലത്തെ അടച്ചിരിപ്പിൽ തോന്നിയ ആശയം. സമൂഹമാധ്യമങ്ങളിലൂടെ ഇതിൻ്റെ സാധ്യതകൾ അന്വേഷിച്ചു. ഒടുവിൽ അയൽക്കൂട്ടത്തിലെ സ്ത്രീകളെ ഉൾപ്പെടുത്തി പുതിയ പരീക്ഷണത്തിന് തുടക്കമിട്ടു. പാലക്കാട് കൊല്ലങ്കോട് സ്വദേശി സുബിന്റെ പുതുപരീക്ഷണത്തിനൊപ്പം മുപ്പതിലേറെ സ്ത്രീകളും ഉണ്ട്.
തിരുപ്പൂരിലെ തുണിമില്ലുകളിൽ നിന്നാണ് തുണിക്കഷ്ണങ്ങളെത്തിക്കുക. തുടക്കത്തിൽ യന്ത്രസഹായത്തോടെയായിരുന്നു കോട്ടൺ വേയ്സ്റ്റ് നിർമ്മാണം. എന്നാൽ ഇതിന് ഗുണനിലവാരം കുറവെന്ന് കണ്ടതോടെ, ശ്രമകരമായ രീതിയിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തി പ്രവർത്തന രീതി മാറ്റി. മുപ്പതിലേറെ സ്ത്രീകളുണ്ട് ഇന്ന് ചെറുഗ്രൂപ്പുകളായി തിരിഞ്ഞ് ഇങ്ങിനെ പുതിയ വരുമാനം കണ്ടെത്തുന്നവരായി. വലിയ മുടക്കുമുതലില്ലാതെ ലാഭം കണ്ടെത്തുന്ന ഈ രീതി കേട്ടറിഞ്ഞ് പല ജില്ലകളിൽ നിന്നായി താത്പര്യമറിയിച്ച് നിരവധിപേർ ഇതിനകം സമീപിച്ചെന്ന് സുബിൻ പറയുന്നു.