രാവിലെ തുടങ്ങി വൈകീട്ട് വരെ തിരച്ചില്‍ തുടര്‍ന്നെങ്കിലും കടുവ എവിടേക്ക് കടന്നുവെന്ന സൂചന പോലും വനംവകുപ്പ് അധികൃതര്‍ക്ക് ലഭിച്ചില്ല. 

കൽപ്പറ്റ: മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഉള്‍ക്കാട്ടിലേക്ക് പാതയൊരുക്കി കുങ്കിയാനകളുടെ സഹായത്തോടെ മയക്കുവെടി സംഘങ്ങള്‍ കാട്ടിനുള്ളില്‍ തിരച്ചില്‍ നടത്തിയിട്ട് പോലും കാണാമറയത്താണ് കുറുക്കന്‍മൂലയെ വിറപ്പിച്ച കടുവ (Tiger). ക്രിസ്തുമസ് തലേന്ന് വരെ തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ദേവട്ടത്തെ ഉള്‍വനങ്ങളായ മന്ദംകൊല്ലി, ഈശ്വരക്കൊല്ലി എന്നിവിടങ്ങളില്‍ കടുവക്കായി തിരച്ചില്‍ നടത്തിയിരുന്നു. ഇതിന് തൊട്ടുമുമ്പുള്ള രണ്ട് ദിവസങ്ങളിലായാണ് ഉള്‍ക്കാട്ടിലേക്ക് പാതയൊരുക്കിയത്. 

രാവിലെ തുടങ്ങി വൈകീട്ട് വരെ തിരച്ചില്‍ തുടര്‍ന്നെങ്കിലും കടുവ എവിടേക്ക് കടന്നുവെന്ന സൂചന പോലും വനംവകുപ്പ് അധികൃതര്‍ക്ക് ലഭിച്ചില്ല. കടുവയുടെ കഴുത്തിലെ മുറിവില്‍ നിന്നും ഇറ്റുവീണ ചോരപ്പാടുകള്‍ കണ്ടെത്തിയ ഒരു സംഘം ഇത് പിന്തുടര്‍ന്ന് പോയെങ്കിലും നിരാശയായിരുന്നു ഫലം. കുറുക്കന്‍മൂലയില്‍ സ്ഥാപിച്ചതിനെക്കാളും സാങ്കേതിക സംവിധാനങ്ങളുള്ള ക്യാമറകള്‍ വനത്തില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയിലൊന്നും കടുവയുടെ ചിത്രം പതിഞ്ഞിട്ടില്ല. 

കടുവയുടെ സഞ്ചാരപാത കണ്ടെത്താനായി യഥാര്‍ഥ സമയം കാണിക്കുന്ന സി.സി.സി.ടി.വി ഉള്‍പ്പെടെ 68 ക്യാമറകളാണ് വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. ഏതെങ്കിലും ക്യാമറയില്‍ കടുവയുടെ ചിത്രം പതിയുന്ന മുറക്ക് ആ പ്രദേശം വളഞ്ഞ് ട്രക്കിങ് ടീം തിരച്ചില്‍ നടത്തുകയാണ്. ഇതിനിടെ ദിവസങ്ങള്‍ക്ക് മുമ്പ് മുട്ടങ്കര പ്രദേശത്ത് വയലോരത്ത് കടുവയുടേത് എന്ന് തോന്നുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ഇവ പരിശോധിച്ചെങ്കിലും കുറുക്കന്‍മൂലയിലിറങ്ങിയ കടുവയുടെ കാല്‍പ്പാടുകള്‍ ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല. 

ഏത് ഭാഗത്ത് നിന്നാണ് കടുവ മുട്ടങ്കരയിലേക്ക് എത്തിയതെന്ന കാര്യവും കണ്ടെത്താനായിട്ടില്ല. കാല്‍പ്പാടുകള്‍ പിന്തുടരുമ്പോള്‍ തുടര്‍ച്ച ലഭിക്കാതെ വരുന്നതോടെയാണ് ക്യാമറകള്‍ കൂടുതല്‍ സ്ഥാപിക്കേണ്ടി വരുന്നത്. എന്നാല്‍ അഞ്ചിലധികം കൂടുകളും ക്യാമറക്കണ്ണുകളും അവഗണിച്ച് ഭീതിപടര്‍ത്തിയുള്ള സഞ്ചാരം തുടരുകയാണ് കുറുക്കന്‍മൂലയെ വിറപ്പിച്ച കടുവ.