നിലമ്പൂരിൽ നാട്ടിലിറങ്ങിയ കാട്ടാന പൂസായി കിടന്നു, ആനയുടെ കാൽപാട് നോക്കി പോയപ്പോഴല്ലേ കാര്യം പിടികിട്ടിയത്!
ഇന്നലെ രാത്രിയിൽ നാട്ടിൽ ഇറങ്ങിയ കാട്ടാന മത്ത് പിടിച്ച് കിടന്നത് നാട്ടുകാർ എക്സൈസിനെ അറിയിച്ചിരുന്നു

മലപ്പുറം: നിലമ്പൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ എക്സൈസ് വാറ്റ് ചാരായ കേന്ദ്രം കണ്ടെത്തി. രണ്ട് കേസുകളിലായി 665 ലിറ്റർ വാഷ് എക്സൈസ് പിടിച്ചെടുത്തു. ഇന്നലെ രാത്രിയിൽ നാട്ടിൽ ഇറങ്ങിയ കാട്ടാന മത്ത് പിടിച്ച് കിടന്നത് നാട്ടുകാർ എക്സൈസിനെ അറിയിച്ചിരുന്നു. ഇത് വാഷ് കുടിച്ചതാണെന്ന നിഗമനത്തിൽ ആനയുടെ കാൽ പാടുകൾ പിന്തുടർന്നു നടത്തിയ പരിശോധനയിൽ ആണ് വാറ്റ് ചാരായ കേന്ദ്രത്തിൽ നിന്ന് 640 ലിറ്റർ വാഷ് കണ്ടെത്തിയത്. പ്രതികളെ കുറിച്ച് സൂചന കിട്ടിയെന്നും ഉടൻ പിടികൂടുമെന്നും എക്സൈസ് അറിയിച്ചു. രാവിലെ വനമേഖലയിലെ തെരച്ചിലിൽ 25 ലിറ്റർ വാഷും കണ്ടെടുത്തിരുന്നു. നടപടികൾ പൂർത്തിയാക്കി വാഷ് എക്സൈസ് നശിപ്പിച്ചു.
അതേസമയം, കൊച്ചിയില്‍ ലഹരിവേട്ട. വിൽപ്പനയ്ക്കായി സൂക്ഷിച്ച ഒമ്പത് ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പിടിയിൽ. ആസാം മാരിഗൗൻ സ്വദേശി റബുൾ ഇസ്‌ലാം (37), ദുപാരിത്തുർ സ്വദേശി മക്സിദുൾ ഹഖ് (23) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പോഞ്ഞാശേരി ഭാഗത്ത് വാടക വീട്ടിൽ ബാഗിൽ പ്രത്യേകം പൊതിഞ്ഞ് സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ആസാമിൽ നിന്നുമാണ് കൊണ്ടുവന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലാണ് ഹെറോയിന്‍ വില്‍പന നടത്തിയിരുന്നത്.
ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐ ജോസി.എം.ജോൺസൻ, എ.എസ്.ഐമാരായ ജോബി മത്തായി, മുജീബ് സി.പി.ഒ കെ.എ. അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ പോലീസ് നടത്തിയ പരിശോധനയിൽ ഏഴായിരത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം