വ്യാജ പരാതിക്ക് പൊലീസും പരാതിക്കാരിയുടെ ബന്ധുവായ ജഡ്ജിയും കൂട്ട് നിൽക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുകയാണെന്നും കേസ് ഒത്തുതീർപ്പാക്കാൻ 15 പവൻ ആവശ്യപ്പെട്ടതായും ഇവർ ആരോപിച്ചു.

കൊച്ചി: ഹൈക്കോടതിക്ക് മുൻപിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ആംബുലൻസ് ഡ്രൈവറുടെയും ഭാര്യയുടെയും കേസിലെ പരാതിക്കാരിയായ യുവതി കിണറ്റിൽ ചാടി. ചൊവ്വാഴ്ച രാത്രിയാണ് കുറുമശ്ശേരി സ്വദേശിനി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടിയത്. ഫയർഫോഴ്സ് സ്ഥലത്തെത്തി യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. പിന്നീട് ഡിസ്ചാർജ് ചെയ്തു. വ്യാജക്കേസിൽ കുടുക്കിയെന്നാരോപിച്ച് ചൊവ്വാഴ്ച ഹൈക്കോടതിക്ക് മുന്നിൽ വെച്ച് ആംബുലൻസ് ഡ്രൈവർ വിനുവും ഭാര്യ ബിൻസിയും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

വ്യാജ പരാതിക്ക് പൊലീസും പരാതിക്കാരിയുടെ ബന്ധുവായ ജഡ്ജിയും കൂട്ട് നിൽക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുകയാണെന്നും കേസ് ഒത്തുതീർപ്പാക്കാൻ 15 പവൻ ആവശ്യപ്പെട്ടതായും ഇവർ ആരോപിച്ചു. ഇവർ തയ്യാറാക്കിയ ആത്മഹത്യാ കുറിപ്പിൽ ജഡ്ജിക്കെതിരെയും പൊലീസിനെതിരെയും പരാമർശങ്ങളുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആംബുലൻസിൽ നിന്ന് ചിത്രീകരിച്ചതായും അത് പുറത്ത് വന്നിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. പരാതിക്കാരിയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച വിനുവും നേരത്തെ സുഹൃത്തുക്കളാണെന്നാണ് വിവരം.

യുവതി പിന്നീട് മറ്റൊരു വിവാഹം കഴിച്ച ശേഷമാണ് വിനുവിനെതിരെ പീഡന പരാതിയുമായി രംഗത്തെത്തിയതെന്നും, പരാതി വ്യാജമാണെന്ന് അറിഞ്ഞിട്ടും പൊലീസ് ഇതിനോട് കൂട്ടുനിന്നുവെന്നാണ് ആത്മഹത്യാക്കുറിപ്പിൽ ആരോപിക്കുന്നത്. പൊലീസുകാരുടെ പേര് വിവരങ്ങളും കുറിപ്പിലുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പരാതിക്കാരിയുമായി ദീർഘകാലം ബന്ധമുണ്ടായിരുന്നുവെന്നതിന് തെളിവായി നിരവധി ചിത്രങ്ങൾ ആംബുലൻസിൽ സൂക്ഷിച്ചിരുന്നുവെന്നും പറയുന്നു. ഇരുവരുടെയും ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിലെ റൂമിലേക്ക് മാറ്റി. അടുത്ത ദിവസം ഡിസ്ചാർജ് ചെയ്യാനാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)