രാവിലെ ചേര്‍പ്പിലെ ബന്ധുവീട്ടില്‍ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങി എത്തിയ ഇരുവരും വീട്ടില്‍ കയറി ലൈറ്റ് ഓണ്‍ ചെയ്തപ്പോള്‍ പൊട്ടിത്തെറി ഉണ്ടായെന്നാണ് വിവരം.
തൃശൂർ: വെള്ളാങ്കല്ലൂരില്‍ ഗ്യാസ് ലീക്കായി തീ പിടിച്ച് ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടം ഉണ്ടായത്. വെള്ളാങ്കല്ലൂര്‍ എരുമത്തടം ഫ്രന്‍സ് നഗര്‍ സ്വദേശിയായ രവീന്ദ്രന്‍ (70), ഭാര്യ ജയശ്രീ (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ ചേര്‍പ്പിലെ ബന്ധുവീട്ടില്‍ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങി എത്തിയ ഇരുവരും വീട്ടില്‍ കയറി ലൈറ്റ് ഓണ്‍ ചെയ്തപ്പോള്‍ പൊട്ടിത്തെറി ഉണ്ടായെന്നാണ് വിവരം. വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ രണ്ടും പുറത്താണ് വെച്ചിട്ടുള്ളത്. ഗ്യാസ് ലീക്കായി വീടിനകം മുഴുവന്‍ നിറഞ്ഞിരുന്നതായാണ് അനുമാനം.
വീടിന്റെ മുന്‍വശത്തെ ഇരുമ്പ് വാതിലടക്കം തകര്‍ന്നിട്ടിട്ടുണ്ട്. എല്ലാ മുറികളിലും ഗ്യാസ് നിറഞ്ഞതിനാല്‍ മുറികള്‍ എല്ലാം തീ പടര്‍ന്ന് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ ഇവരെ തൃശ്ശൂര്‍ ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഭാര്യ ജയശ്രീയുടെ നില അതീവ ഗുരുതരമാണ്. ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സും പൊലീസൂം സ്ഥലത്തെത്തിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


